ദില്ലി: ബിജെപി എംപിമാര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി  ഇന്ന് സമാപിക്കും.  പാര്‍ലമെന്‍റ് ലൈബ്രറി മന്ദിരത്തിൽ ഇന്നലെ തുടങ്ങിയ  പരിശീലനത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ എന്നിവർ  എം പിമാരെ അഭിസംബോധന ചെയ്തു.   മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിപാടിയിൽ എം പിമാർക്ക് പാർട്ടി നിർദ്ദേശം നൽകി. യോഗത്തില്‍ എല്ലാ എംപിമാരും നിശ്ചയമായും പങ്കെടുക്കണം എന്ന് ബിജെപി കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര മന്ത്രിമാര്‍ അടക്കം ആര്‍ക്കും ഒഴിവ് നല്‍കിയില്ല.

പാർട്ടി അച്ചടക്കം പാലിച്ചു മുന്നോട്ട് പോകാൻ എല്ലാ എംപിമാരും തയ്യാറാകണമെന്നും അനാവശ്യ വിവാദങ്ങളിൽ പെടരുതെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായാണ് സൂചന. രാജ്യത്തെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് തരംതിരിച്ചുള്ള സംവാദം പരിശീലനത്തിൽ നടന്നു.  സ്വാധീനം കൂട്ടേണ്ട മേഖലകളിൽ നടപ്പാക്കണ്ട തന്ത്രം സംബന്ധിച്ച് എം പിമാരുടെ അഭിപ്രായവും തേടി.  നമോ ആപ്പ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും എം പിമാർക്ക് പരിശീലനം നൽകുന്നുണ്ട്.