ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അസ്ട്ര സെനേകയുമായും ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുമായും സഹകരിച്ചാണ് സെറം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൊവിഡ് വാക്‌സിന്‍ ഉല്‍പാദനത്തിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിരുന്നു.

പ്രധാനമന്ത്രി നാളെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി പുണെ ഡിവിഷണല്‍ കമ്മീഷണര്‍ സുരഭ് റാവു പിടിഐയോട് പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ പരിപാടിയുടെ പൂര്‍ണമായ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പാദിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും.