പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 മുതൽ അഞ്ച് രാജ്യങ്ങളിൽ സന്ദർശനം നടത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലാണ് സന്ദർശനം. ഈ യാത്രയിൽ അദ്ദേഹം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 ന് വിദേശത്തേക്ക് പോകും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. പശ്ചിമേഷ്യ സംഘർഷത്തിനിടെയാണ് യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 20 ന് അദ്ദേഹം തിരിച്ചെത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ് 15 ന് യുഎഇയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കി അന്ന് തന്നെ അദ്ദേഹം നെതർലൻ്റ്സിലേക്ക് തിരിക്കും. മെയ് 17 വരെ അദ്ദേഹം ഇവിടെ തുടരും. മെയ് 17 ന് സ്വീഡനിലെത്തുന്ന അദ്ദേഹം മെയ് 18 ന് നോർവേയിലേക്ക് പോകും. മെയ് 19 ന് ഇറ്റലിയിലെത്തും. മെയ് 20 ന് തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

ഡെന്മാർക്ക്, ഫിൻലൻ്റ്സ്, ഐസ്‌ലൻ്റ്സ്, സ്വീർഡൻ, നോർവേ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്ത്യ-നോർഡിക് സമ്മിറ്റിൽ മെയ് 19 ന് അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന യാത്ര ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. യുഎഇയിൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. നേരത്തെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമായിരുന്നു തീരുമാനിച്ചതെങ്കിലും അവസാന നിമിഷമാണ് യുഎഇയും പട്ടികയിൽ ഉൾപ്പെടുത്തിയത്.