ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യം ശക്തമാകുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതിനിടെയാണ് പാർട്ടിക്കുള്ളിൽ തന്നെ രാജി ആവശ്യം ശക്തമാകുന്നത്.
ലണ്ടൻ: ബ്രിട്ടണിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി തിരിച്ചടി നേരിട്ടതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ലേബർ പാർട്ടിയുടെ 70ലധികം എംപിമാർ കെയർ സ്റ്റാർമർ രാജിവെക്കണമെന്ന് ആവശ്യമുയർത്തി രംഗത്തെത്തി. കെയർ സ്റ്റാർമറുടെ നേതൃത്വത്തെ പരോക്ഷമായി ചോദ്യംചെയ്ത് മുതിർന്ന പാർട്ടി നേതാക്കൾ എത്തിയതിനിടെയാണ് പാർട്ടിക്കുള്ളിൽ രാജി ആവശ്യം മുറുകുന്നത്.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, വിദേശകാര്യ സെക്രട്ടറി വെറ്റെ കൂപ്പർ, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എന്നിവർ സ്റ്റാർമറോട് അധികാരം കൈമാറ്റം ചെയ്യുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ മന്ത്രിമാരുടെ നാല് ഉപദേശകർ രാജിവെക്കുകയും സ്റ്റാർമറുടെ നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടതായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങിൻ്റെ ഉപദേശകൻ ജോ മോറിസ് പറഞ്ഞപ്പോൾ സ്റ്റാർമറിന് പാർട്ടിക്കുള്ളിൽ മേൽക്കൊയ്മ നഷ്ടപ്പെട്ടുവെന്നും അത് വീണ്ടെടുക്കാൻ കഴിയില്ലെന്നുമായിരുന്നു പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നോൾഡ്സിൻ്റെ ഉപദേശകനായ ടോം റുട്ട്ലാൻ്റിൻ്റെ പ്രതികരണം.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതിനിടെയാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യം ശക്തമായത്. വെയിൽസിൽ 1999ന് ശേഷം ആദ്യമായി പാർലമെൻ്റിൻ്റെ നിയന്ത്രണം പാർട്ടിക്ക് നഷ്ടമായത് കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. 27 വർഷക്കാലം അധികാരത്തിലിരുന്ന ലേബർ പാർട്ടിക്ക് ആകെയുള്ള 96 സീറ്റുകളിൽ ഒൻപതിടത്ത് മാത്രമാണ് വിജയിക്കാനായത്. പ്ലെയ്ഡ് കംറി 43 സീറ്റുകൾ പിടിച്ചെടുത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ റിഫോം യുകെ 34 സീറ്റുകളിലും വിജയിച്ചു.
അതേസമയം രാജി ആവശ്യം തള്ളിയ കെയർ സ്റ്റാർമർ, തൻ്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കാൻ പോരാട്ടം തുടരുമെന്ന നിലപാടിലാണ്. നീണ്ട 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചാണ് 2024 ജൂലൈയിൽ കെയർ സ്റ്റാർമർ അധികാരമേറ്റത്. അതേസമയം ലേബർ പാർട്ടിയുടെ നിയമാവലി അനുസരിച്ച്, പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ 81 എംപിമാരുടെ പിന്തുണ വേണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ 81 എംപിമാരുടെ പിന്തുണ ആർജിക്കാൻ സ്റ്റാർമറിനെതിരെ എതിർപ്പുയർത്തുന്ന വിഭാഗത്തിന് എളുപ്പമല്ല.


