Asianet News MalayalamAsianet News Malayalam

ഗുജറാത്ത് ബിജെപി @7: ആഘോഷം, ആവേശം, ഏറ്റുവാങ്ങി നേതാക്കൾ; ജനങ്ങളുടെ ശക്തിയെ നമിച്ച് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വികസിത ഗുജറാത്തിൽ നിന്ന് വികസിത‌ രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാൾ നല്ല ഇടമില്ലെന്നും കൂട്ടിച്ചേർത്തു. അത്‌ കൊണ്ട് ഇന്ത്യാ ഫസ്റ്റെന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി

pm narendra modi first reaction on gujarat himachal election result 2022
Author
First Published Dec 8, 2022, 8:03 PM IST

ദില്ലി: ഗുജറാത്തിലെ ചരിത്ര വിജയം ആഘോഷമാക്കി ബി ജെ പി പ്രവർത്തകരും നേതാക്കളും. ഗുജറാത്തിലെ വിജയാഘോഷം വിവിധ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും വമ്പൻ ആഹ്ളാദമായി മാറിയപ്പോൾ പ്രവ‍ർത്തകരുടെ ആവേശം ഏറ്റുവാങ്ങാൻ നേതാക്കളും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിങ് തുടങ്ങി നരവധി നേതാക്കളാണ് ദില്ലി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം ആഹ്ളാദം പങ്കിട്ടത്. ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ശക്തിക്ക് മുന്നിൽ നമസ്കിരിക്കുന്നു എന്നും വ്യക്തമാക്കിയാണ് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്തത്. വികസിത ഗുജറാത്തിൽ നിന്ന് വികസിത‌ രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാൾ നല്ല ഇടമില്ലെന്നും കൂട്ടിച്ചേർത്തു. അത്‌ കൊണ്ട് ഇന്ത്യാ ഫസ്റ്റെന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

യുവാക്കൾ ബി ജെ പിക്കൊപ്പമാണെന്ന് ചൂണ്ടികാട്ടിയ നരേന്ദ്രമോദി വരുന്ന 25‌ വർഷം വികസനത്തിന്‍റെ രാഷ്ട്രീയമാണ് രാജ്യം കാണുകയെന്നും പറഞ്ഞു. രാംപൂരിലെ വിജയം എടുത്ത് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങൾ നേരാനും മറന്നില്ല. ഹിമാചലിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ മോദി ആദ്യമായാണ് ഹിമാചലിലെ ഭൂരിപക്ഷം ഇത്ര കുറയുന്നതെന്നും വളരെ ചെറിയ ‌വ്യത്യാസത്തിനാണ് ജയം നഷ്ടപ്പെട്ടതെന്നും ചൂണ്ടികാട്ടി. ഗുജറാത്തിലെ വിജയത്തിലും അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാലത്തെ എതിരാളികളുടെ പ്രചരണത്തെ പരിഹസിക്കുകയും ചെയ്തു. 'നരേന്ദ്ര'ന്‍റെ റെക്കോഡ് ഭേദിക്കണമെന്ന് ആവശ്യപ്പെട്ടത് ചൂണ്ടികാട്ടിയ മോദി, ഗുജറാത്തി ജനത 'നരേന്ദ്ര'ന്‍റെ റെക്കോഡ് ഭേദിക്കുക‌ മാത്രമല്ല അതിലും വലിയ റെക്കോർഡ് തീർക്കുകയാണ് ചെയ്തതെന്നും വിവരിച്ചു.

ഹിമാചൽ ജനതക്ക് നന്ദി, വാഗ്ധാനങ്ങൾ പാലിക്കും; ഗുജറാത്തിൽ തെറ്റ് തിരുത്തി കഠിനാധ്വാനം ചെയ്ത് തിരിച്ചുവരും: രാഹുൽ

അതേസമയം ഹിമാചലിലേയും ഗുജറാത്തിലെയും പ്രവർത്തകർക്ക് അഭിനന്ദനമറിയിച്ചാണ് നദ്ദ സംസാരിച്ചത്. എ എ പിക്കും കെജ്രിവാളിന് പരോക്ഷ വിമർശനവും ബി ജെ പി അധ്യക്ഷൻ ഉന്നയിച്ചു. ഗുജറാത്തിൽ ഒരു പുതിയ പാർട്ടി വന്നുവെന്നും ഗുജറാത്തിനെ അപമാനിക്കാനാണ് അവർ ലക്ഷ്യമിട്ടതെന്നും ഗുജറാത്തിലെ ജനങ്ങളോട് ആ പാർട്ടിയുടെ നേതാവ് മാപ്പ് പറയണമെന്നും നദ്ദ ആവശ്യപ്പെട്ടു. വികസനത്തിന് വേണ്ടി ചിലവാക്കേണ്ടിയിരുന്ന പണം തെരഞ്ഞെടുപ്പിന് വേണ്ടിയാണ് അവർ ചിലവാക്കിയതെന്നും നദ്ദ ആരോപിച്ചു.

നേരത്തെ ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ളവ‍ർ രംഗത്തെത്തിയിരുന്നു. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും രാജ്യത്തിന്‍റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

നവംബർ നാലിന് വമ്പൻ പ്രഖ്യാപനവുമായി തുടങ്ങി, തമ്പടിച്ച് പ്രവർത്തനം; ഒടുവിൽ ഹിമാചൽ കോൺഗ്രസിന് 'പ്രിയങ്ക'രമാക്കി

Follow Us:
Download App:
  • android
  • ios