Asianet News MalayalamAsianet News Malayalam

'ഇനി രാമൻറെ പേരിൽ വോട്ടും ചോദിക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണം': സഞ്ജയ് റാവത്ത്

രാമനെ ഏതെങ്കിലും പാർട്ടി അവകാശപ്പെട്ടാൽ അത് രാമനെ ഇകഴ്ത്തുന്നതിന് തുല്യമാണെന്ന് ശിവസേന നേതാവ്

PM Narendra Modi office should be shifted to Ayodhya Siv Sena Leader Sanjay Raut SSM
Author
First Published Dec 31, 2023, 1:47 PM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോധ്യ സന്ദർശനത്തെ വിമർശിച്ച് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു. രാമൻറെ പേരിൽ വോട്ടും ചോദിക്കും. ജനങ്ങൾക്ക് വേണ്ടി മറ്റൊന്നും ചെയ്യാത്തതിനാലാണ് ഇതെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. 

രാമനെ ഏതെങ്കിലും പാർട്ടി അവകാശപ്പെട്ടാൽ അത് രാമനെ ഇകഴ്ത്തുന്നതിന് തുല്യമാണ്. അയോധ്യ ആഘോഷത്തിന് ബിജെപിയുടെ ചീട്ട് വേണ്ട. രാമനെ കുത്തകയാക്കാൻ നോക്കി അദ്ദേഹത്തിന്‍റെ പ്രതിച്ഛായ ബിജെപി തകർക്കുകയാണെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. 

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. എല്ലാവരുടേതുമാണ്. എപ്പോൾ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. മുൻപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നു. തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഉദ്ദവ്, അയോധ്യയിൽ പോവാൻ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. ഉദ്ദവിന് ക്ഷണമില്ലെങ്കിലും മഹാരാഷ്ട്രാ നവ നിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറേയ്ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. 

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തെ വീടുകളിൽ രാമജ്യോതി തെളിയിച്ച് ആഘോഷിക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അയോധ്യ വിമാനത്താവളവും റെയിൽവേസ്റ്റേഷനും ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഇന്നലെ ന​ഗരത്തിൽ റോഡ് ഷോയും നടത്തി. പുതുക്കി പണിത അയോധ്യാ ധാം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് എക്സ്പ്രസ് എന്ന പേരിലുള്ള രണ്ട് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളും  6 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും ഫ്ലാ​ഗ് ഓഫ് ചെയ്തു. അയോധ്യയിൽ പുതുതായി പണിത മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഒരു രാജ്യത്തിനും സംസ്കാരവും പൈതൃകവും മറന്ന് മുന്നോട്ടു പോകാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'തന്റെ ഗ്യാരൻറി എന്തെന്ന് ചോദിക്കുന്നവർക്ക് ഉദാഹരണമാണ് അയോധ്യ. രാജ്യത്തിൻറെയും യുപിയുടെയും വികസന കേന്ദ്രമാകും അയോധ്യ. എല്ലാവർക്കും അവകാശപ്പെട്ട രാമക്ഷേത്രം തുറക്കാൻ ലോകം കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios