ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ അന്താരാഷ്ട്രാ യോഗ ദിനം എന്ന ആശയത്തിന് വിത്തുപാകുന്നത്. ഈ നീണ്ട കാലത്തിനിപ്പുറം ഇന്ന് യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിച്ച് 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം യോഗാ ദിനാചരണം നടത്തി.
ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ അന്താരാഷ്ട്രാ യോഗ ദിനം എന്ന ആശയത്തിന് വിത്തുപാകുന്നത്. ഈ നീണ്ട കാലത്തിനിപ്പുറം ഇന്ന് യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിച്ച് 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം യോഗാ ദിനാചരണം നടത്തി. മോദിക്കും ഇന്ത്യക്കും ചരിത്ര നേട്ടമായി അവകാശപ്പെടാൻ പോന്നതാണ് ഈ സംഭവം. ആഗോള ഭൂപടത്തിൽ യോഗയെ ഉൾപ്പെടുത്തുന്നതിൽ അന്ന് മോദി മുന്നോട്ടുവച്ച ആശയത്തിന് സാധിച്ചുവെന്നത് തന്നെയാണതിൽ പ്രധാനം.
യോഗാ ദിനാഘോഷത്തിനായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. ഒൻപത് വർഷം മുൻപ് താൻ ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു. 2020 ൽ താൻ യുഎന്നിന്റെ ആസ്ഥാനത്ത് പുതിയ മെമോറിയൽ സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. അതും യാഥാർത്ഥ്യമായി. എല്ലാ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കാര്യത്തിൽ ലഭിച്ചത്. അതിന് നന്ദി പറയുന്നു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാൻ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014 ജൂലൈയിൽ, അന്താരാഷ്ട്ര യോഗ ദിനം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ യുഎൻജിഎ പ്രമേയം ഇന്ത്യ നിർദ്ദേശിക്കുകയായിരുന്നു. 175 അംഗ രാജ്യങ്ങൾ അതിനെ പിന്തുണച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ 69 -ാമത് സെഷന്റെ തുടക്കത്തിലെ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി മോദി ഈ ആശയത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. യോഗയുടെ സ്വീകാര്യതയെ മാനിച്ച് 2014 ഡിസംബറിൽ, യുഎൻ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.
ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിനാചരണ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയൽറ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാർക്കും യോഗ പരിശീലിക്കാം ഇതായിരുന്നു മോദി എടുത്തുപറഞ്ഞ മറ്റൊരു കാര്യം. ഇന്ന് യോഗയും അതിന്റെ ദിനാചരണവും കേവലം ഇന്ത്യയുടെ പ്രാതിനിധ്യം വിളിച്ചുപറയുന്ന ഒന്ന് മാത്രമല്ല. അത് രാജ്യത്തിന് വലിയ നയതന്ത്രസ്വാധീനം കൂടിയാണ് വിഭാവനം ചെയ്യുന്നത്.
യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു യോഗ ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്. യോഗാ ദിനാചരണത്തിൽ നയതന്ത്രജ്ഞർ, കലാകാരന്മാർ, അക്കാദമിക് വിദഗ്ധർ, ബിസിനസുകാർ എന്നിവരുൾപ്പെടെ വിവിധ തൊഴിലുകളെ പ്രതിനിധീകരിച്ച് യോഗ ദിനാചരണത്തി പങ്കാളിത്തവും ചരിത്രപരമായ മറ്റൊരു നേട്ടത്തിന് വഴിയൊരുക്കി.
ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് 2023 ലെ യോഗ ദിനാചരണത്തിലൂടെ കൈവന്നിരിക്കുന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.
യോഗ ആളുകളെ ഒന്നിപ്പിക്കുന്നുവെന്ന് യോഗാ ദിന സന്ദേശമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അപകടകരവും വിഭജിക്കപ്പെട്ടതുമായ ലോകത്ത്, ഈ പുരാതന പരിശീലനത്തിന്റെ പ്രയോജനങ്ങൾ പ്രത്യേകിച്ചും വിലപ്പെട്ടതാണ്. യോഗ ശാന്തത പ്രദാനം ചെയ്യുന്നുണ്ട്, ഉത്കണ്ഠ കുറയ്ക്കാനും മാനസിക ക്ഷേമം വർധിപ്പിക്കാനം ഇത് സഹായിക്കും. അച്ചടക്കവും ക്ഷമയും വളർത്തിയെടുക്കാനും ഇത് നമ്മെ സഹായിക്കുന്നു. നമ്മുടെ പൊതുവായ മാനവികതയെ യോഗ പുറത്തുകൊണ്ടുവരുന്നു. നമ്മുടെ എല്ലാ വ്യത്യാസങ്ങൾക്കിടയിലും നാം ഒന്നാണെന്ന് മനസിലാക്കാൻ സഹായിക്കുന്നു. ഈ അന്താരാഷ്ട്ര യോഗാ ദിനത്തിൽ, നമുക്ക് ഐക്യത്തിന്റെ ചൈതന്യം സ്വീകരിക്കാം, ആളുകൾക്ക് കൂടുതൽ മെച്ചപ്പെട്ടതും യോജിപ്പുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയം ചെയ്യാം. ഗുട്ടെറസ് പറഞ്ഞു.
