ഖത്തർ അമീർ ഷെയ്‍ഖ് തമീം ബിൻ അഹ്‍മദ് ബിൻ ഖലീഫ അൽ തനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.
ദില്ലി: ദക്ഷിണേഷ്യൻ മേഖലയിലെ ഭീകരവാദം തുടച്ചുനീക്കാൻ ഖത്തറിന്‍റെ പിന്തുണ അഭ്യർഥിച്ച് ഇന്ത്യ. ഖത്തർ അമീർ ഷെയ്‍ഖ് തമീം ബിൻ അഹ്‍മദ് ബിൻ ഖലീഫ അൽ തനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
മേഖലയിൽ മാത്രമല്ല, ആഗോളതലത്തിൽത്തന്നെ ഭീകരവാദം സമാധാനത്തിന് ഭീഷണിയാണ്. ഭീകരവാദത്തിന്‍റെ എല്ലാ രൂപങ്ങളെയും തകർക്കാൻ സുവ്യക്തവും, ശക്തവുമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിച്ചേ തീരൂ. ഭീകരവാദത്തിന് ഒരു തരത്തിലുമുള്ള പിന്തുണയും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട് - മോദി ചൂണ്ടിക്കാട്ടി.
ഖത്തറും ഇന്ത്യയും തമ്മിൽ മുൻ വർഷങ്ങളിലുണ്ടായ മികച്ച നയതന്ത്രബന്ധത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യക്ക് എത്രയും പെട്ടെന്ന് വിട്ടുകിട്ടിയതിന് പിന്നിൽ സൗദി അറേബ്യയും അമേരിക്കയുമുൾപ്പടെയുള്ള രാജ്യങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. പാകിസ്ഥാനുമായി അടുത്ത നയതന്ത്രബന്ധമുള്ള അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. അങ്ങനെ ഭീകരവാദത്തിനെതിരായ പോരാട്ടം മുന്നിൽ നിന്ന് നയിക്കാനുള്ള ശ്രമങ്ങളാണ് നയതന്ത്രതലത്തിൽ ഇന്ത്യ തുടരുന്നത്.
