Asianet News MalayalamAsianet News Malayalam

'സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറുന്നുവെന്ന് പറഞ്ഞില്ലേ?': പിണറായിയെ ആയുധമാക്കി മോദി

പൗരത്വ നിയമഭേദഗതി രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അവർ ഭയക്കേണ്ടതില്ലെന്നും വീണ്ടും നരേന്ദ്രമോദി. ഇതിനിടെയാണ് എസ്‍ഡിപിഐയെക്കുറിച്ച് പിണറായി നടത്തിയ പരാമർശം ആ സംഘടനയുടെ പേരെടുത്ത് പറയാതെ മോദി രാജ്യസഭയിൽ പറയുന്നത്. 

pm narendramodi quotes pinarayi vijayan on sdpi activists and extremists remark in rajyasabha on caa
Author
New Delhi, First Published Feb 6, 2020, 7:33 PM IST

ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പിണറായി വിജയന്‍റെ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭയിൽ ഉയ‍ർത്തിക്കാട്ടിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ഇനി ദില്ലിയിൽ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചു. പിണറായിയുടെ പ്രസ്താവന എടുത്തുപറഞ്ഞെങ്കിലും എസ്‍‍ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞില്ല.

''ഇടതുപക്ഷത്തെ ചില സുഹൃത്തുക്കൾ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. അവർക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങൾ കേരളത്തിൽ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങൾ ദില്ലിയിലും രാജ്യത്തിന്‍റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങൾക്ക് ആവശ്യപ്പെടാനാകുക?'', മോദി ചോദിച്ചു.

ഇതോടെ, ഇടതുപക്ഷത്ത് നിന്ന് മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ കെ കെ രാഗേഷ് എംപി എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. മോദിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

''ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ് പ്രതിഷേധങ്ങൾ നടത്തിയത്. മഹല്ല് കമ്മിറ്റികൾ ധാരാളം പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം സമാധാനപരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടിൽ എസ്‍ഡിപിഐ എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്ന ഒരു വിഭാഗം. അതിൽപ്പെട്ടവർ ചിലയിടത്ത് നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെതിരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടായിട്ടുണ്ടാകാം. കാരണം അവർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണ്.

(ഇതോടെ പ്രതിപക്ഷബഹളം) 

എസ്‍ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളേണ്ട കാര്യമെന്താണ്? പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ മതസ്പർദ്ധ വളർത്താനാണ് ശ്രമം നടത്തുന്നത്. അക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആർക്കും എതിരെ നടപടി എടുത്തിട്ടില്ല'' - എന്ന് പിണറായി പറഞ്ഞു. 

ഈ പ്രസ്താവനയാണ് മോദി ആയുധമാക്കുന്നത്. നേരത്തേ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും പേരെടുത്ത് പറഞ്ഞ് മോദി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. പ്രതിപക്ഷത്തെ ചിലർ സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്നായിരുന്നു മോദിയുടെ വിമർശനം. പ്രതിപക്ഷത്തെ ചിലർ 'ട്യൂബ് ലൈറ്റ്' ആണെന്നും, പറഞ്ഞ് അരമുക്കാൽ മണിക്കൂർ കഴിഞ്ഞാലേ മനസ്സിലാകൂ എന്നും രാഹുലിനെതിരെ പേരെടുത്ത് പറയാതെ മോദിയുടെ പരിഹാസം. ജോലി കിട്ടാത്ത യുവാക്കൾ മോദിയെ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞ രാഹുലിന്‍റെ പ്രസ്താവനയോട്, അങ്ങനെയെങ്കിൽ ഞാൻ കുറച്ച് കൂടുതൽ സൂര്യനമസ്കാരം ചെയ്ത് ആ അടി കിട്ടാൻ ശരീരത്തെ പാകമാക്കാൻ ശ്രമിക്കാമെന്ന് മോദി. 'കശ്മീരിനെ പറഞ്ഞാൽ ശശി തരൂരിന് പൊള്ളും, കാരണം കശ്മീരിന്‍റെ മരുമകനല്ലേ' എന്ന് സുനന്ദാ പുഷ്കറിനെ പരോക്ഷമായി പരാമർശിച്ച് തരൂരിനെതിരെ പരിഹാസം. 

എന്നാൽ രാജ്യത്തെ സാമ്പത്തികമാന്ദ്യത്തെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ ഒന്നും പറയാനില്ലാത്ത മോദി വെറും വ്യക്തിപരമായ പരാമർശങ്ങൾ നടത്തി ആളെപ്പറ്റിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. വ്യക്തിപരമായ പരാമർശങ്ങൾക്കൊന്നിനും മറുപടി പറയാനില്ല. ആദ്യം മോദി രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച് പറയട്ടെ എന്നായിരുന്നു രാഹുലിന്‍റെ മറുപടി. 

Follow Us:
Download App:
  • android
  • ios