ദില്ലി: ബിഹാറില്‍ മസ്തിഷ്കജ്വരം മൂലം നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം രാജ്യസഭയില്‍  പറഞ്ഞു.

മസ്തിഷ്കജ്വരം മൂലം കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിഷയത്തെ ഗൗരവത്തോടെ കാണണം. പ്രതിരോധകുത്തിവയ്പ്പുകള്‍, സുരക്ഷ, ആരോഗ്യപരിരക്ഷ എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഇതൊരു സങ്കടകരമായ അവസ്ഥയാണ്. ഇന്ന് ബിഹാറില്‍ സംഭവിച്ചത് നാളെ മറ്റൊരു സംസ്ഥാനത്ത് ആവര്‍ത്തിച്ചേക്കാം. അങ്ങനെ  സംഭവിക്കാതിരിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത് 'ആയുഷ്മാന്‍ ഭാരത്' പദ്ധതി ശക്തിപ്പെടുത്തുകയാണ്. ദരിദ്രരായവര്‍ക്കും മികച്ച നിലവാരത്തിലുള്ളതും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാകണം." മോദി അഭിപ്രായപ്പെട്ടു.

ബിഹാര്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.