2002ലെ സബർമതി ട്രെയിൻ തീവെപ്പിനെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശങ്ങളെ പൂർണ്ണമായും തള്ളി മുൻ എസ്ഐടി തലവൻ രാകേഷ് അസ്താന. കൂടാതെ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ ഓർമ്മക്കുറിപ്പിൽ അവഗണിച്ചതിൽ കോൺഗ്രസിനുള്ളിലും വലിയ അതൃപ്തി പുകയുകയാണ്.

ദില്ലി: 2002ലെ സബർമതി ട്രെയിൻ തീവെപ്പ് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിൽവിയോജിപ്പുമായി ഗുജറാത്ത് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാകേഷ് അസ്താന. കേസിൽ അന്വേഷണം പൂർത്തിയായതാണ്. കുറ്റവാളികൾക്ക് ശിക്ഷയും ലഭിച്ചിട്ടുണ്ട്.തീ പിടിത്തം മനപൂർവ്വം ഉണ്ടാക്കിയതാണെന്നും കത്താൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീയിട്ടതെന്നും അസ്താന ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. തീ പിടിത്തത്തിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശം.

അതേ സമയം, സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അവഗണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. നരസിംഹറാവുവിനെ കുറിച്ച് പരാമര്‍ശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ ഒഴിവാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ വിമര്‍ശിച്ചു. അവഗണനയില്‍ നരസിംഹ റാവുവിന്‍റെ കുടുംബവും അതൃപ്തി അറിയിച്ചു. സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ബിലോംഗിഗ് അവഗണനകളുടെ കൂടി പുസ്തകമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്ന് തുടങ്ങുകയാണ്.