ദില്ലി: ഉന്നാവ് പീഡനക്കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗര്‍ എംഎല്‍എക്കെതിരെ പീഡനക്കുറ്റം ചുമത്തി ദില്ലി തീസ് ഹസാരി കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് സെന്‍ഗറിനെതിരെ കുറ്റം ചുമത്തിയത്.

ബിജെപിയില്‍ നിന്നും പുറത്തായ സെന്‍ഗറിനെതിരെ പോക്സോയ്ക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 120ബി), തട്ടിക്കൊണ്ടുപോകൽ (സെക്ഷൻ 363), വിവാഹത്തിനു നിർബന്ധിക്കൽ (സെക്ഷൻ 366), പീഡനം (സെക്ഷൻ 376) എന്നീ കേസുകളുമുണ്ട്. ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ധർമേശ് ശർമ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കേസില്‍ സെൻഗറിന്‍റെ കൂട്ടാളി ശശി സിങ്ങിനെതിരെയുള്ള കേസും കോടതി ശരിവച്ചു.