ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേ‍ർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹോട്ടലിൽ ജോലിചെയ്തിരുന്ന കുക്ക് ആണ് അറസ്റ്റിലായത്. ഇയാളുടെ അനാസ്ഥ കൊണ്ടാകാം തീപിടിച്ചതെന്ന് പ്രാഥമിക നിഗമനം. 

ദില്ലി: സൗത്ത് ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേ‍ർ കൊല്ലപ്പെട്ട സംഭവത്തിൽ ഹോട്ടലിൽ ജോലിചെയ്തിരുന്ന കുക്ക് അറസ്റ്റിലായി. കേശവ് നേ​ഗിയെ ആണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അനാസ്ഥ കൊണ്ടാകാം തീപിടിച്ചതെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനവുമായി ബന്ധപ്പെട്ട നിരവധി പേരെയും പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴി‍ഞ്ഞ ബുധനാഴ്ച രാവിലെ മാളവ്യ ന​ഗറിലെ ഹോസ് റാണി മേഖലയിലുള്ള ഫ്ലറിഷ് സ്റ്റേയ്സ് ബെഡ് ആൻ്റ് ബ്രേക്ക്ഫാസ്റ്റിൽ ഉണ്ടായ തീപിടിത്തത്തിലാണ് 16കാരിയായ കുട്ടിയടക്കം 21 പേ‍ർക്ക് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കിർ​ഗിസ്ഥാൻ, നൈജീരിയ, ബം​ഗ്ലാ​ദേശ്, ഇറാഖ്, കോം​ഗോ, മൊസാംബിക്, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 13 പേരും ഉൾപ്പെടുന്നു. അപകടത്തിൽ 28 പേ‍ർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് മുൻപ് നടന്ന സംഭവങ്ങളും സാഹചര്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും മറ്റുള്ളവരെയും പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഹോട്ടൽ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ സുരക്ഷാ ലംഘനങ്ങൾ അടക്കം കണ്ടെത്താനായിട്ടുണ്ട്. കെട്ടിടത്തിൻ്റെ ജനലുകളും ​ഗ്ലാസ് പാനലുകളും പൂർണമായും അടച്ചുപൂട്ടിയ നിലയിലാണെന്ന് കണ്ടെത്തി. ബേസ്മെൻ്റിലേക്കുള്ള വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

അപകടത്തിന് പിന്നാലെ ഹോട്ടൽ ഉടമ ലോകേഷ് ബജാജ്, സ്വീറ്റി സർക്കാർ, പുഷ്പോ സ‍ർക്കാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം അപകടത്തിൽ പരിക്കേറ്റ 15 പേ‍ർ സാകേതിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച മുഴുവൻ പേരുടെയും ആരോ​ഗ്യനില തൃപ്തികരമായതായി ആശുപത്രി അധികൃതർ അറിയിച്ചു.