ലക്നൗ: ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് പിഴചുമത്തിയതിന് പൊലീസ് സ്റ്റേഷനിലെ ഫ്യൂസ് ഊരി ലൈന്‍മാന്‍റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ ലൈന്‍ പാര്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യതി ബന്ധമാണ് ലൈന്‍മാനായ ശ്രീനിവാസ് വിഛേദിച്ചത്. അഞ്ച് മണിക്കൂറോളമാണ് സ്റ്റേഷന്‍ കരണ്ടില്ലാതെ പ്രവര്‍ത്തിച്ചത്. 

ജോലിക്കിടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കരാര്‍ ജീവനക്കാരനായ ശ്രീനിവാസിനെ പൊലീസ് ഹെല്‍മെറ്റില്ലാത്തതിന് പിടികൂടിയത്. ജോലിയിലാണെന്നും അതിനിടെ ഹെല്‍മറ്റ് വയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിട്ടും പിഴ ചുമത്തിയെന്നാണ് ശ്രീനിവാസ് പറയുന്നത്. 

പിന്നീട് ഓഫീസിലെത്തിയ ശ്രീനിവാസ് സ്റ്റേഷന്‍റെ വൈദ്യുതി ബില്‍ പരിശോധിച്ചു. 2016 ജനുവരി മുതലുള്ള വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് മനസിലാക്കി. 662463 രൂപ കുടിശികയായിട്ടുണ്ടെന്ന് മനസിലാക്കിയ ശ്രീനിവാസ് വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. എന്നാല്‍ മേലുദ്യോഗസ്ഥരോട് ആലോചിക്കാതെയാണ് ലൈന്‍മാന്‍ ഫ്യൂസ് ഊരിയതെന്ന് വൈദ്യുതി വകുപ്പ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിംഗ് വ്യക്തമാക്കി. 

6000 രൂപയാണ് പ്രതിമാസ വരുമാനം . അതില്‍ നിന്ന് 500 രൂപ പിഴയടക്കാനാവില്ലെന്ന് ശ്രീനിവാസ് പൊലീസിനെ അറിയിച്ചിട്ടും  അവര്‍ പിഴ ചുമത്തുകയായിരുന്നുവെന്നും രണി‍വീര്‍ സിംഗ് പറഞ്ഞു. അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് നടപടി ആവശ്യപ്പെടുമെന്ന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബല്‍ദേവ് സിംഗ് വ്യക്തമാക്കി.