നാളെ ദില്ലിയിലെ അഭിഭാഷകര്‍ ജില്ലാ കോടതികളും ഹൈക്കോടതിയും ബഹിഷ്കരിക്കും. സംഘര്‍ഷത്തില്‍ പൊലീസുദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതുമടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു.  

ദില്ലി:  തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദില്ലി ഹൈക്കോടതിയാണ് ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് എസ് പി ഗാര്‍ഗ് ആണ് അന്വേഷണം നടത്തുക. നാളെ ദില്ലിയിലെ അഭിഭാഷകര്‍ ജില്ലാ കോടതികളും ഹൈക്കോടതിയും ബഹിഷ്കരിക്കും. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതുമടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു. 

ജസ്റ്റിസ് എസ് പി ഗാര്‍ഗിനെ സിബിഐ ഡയറക്ടറും ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടറും വിജിലന്‍സ് ഡയറക്ടറും അന്വേഷണത്തിന് സഹായിക്കുമെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ആറാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സംഭവത്തിന് ഉത്തരവാദികളായ രണ്ട് പൊലീസുദ്യോഗസ്ഥരെ മാറ്റാന്‍ ദില്ലി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിംഗ്, അഡീഷണല്‍ ഡിസിപി ഹരീന്ദര്‍ സിംഗ് എന്നിവരെയാണ് സ്ഥലം മാറ്റുക. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അഭിഭാഷകര്‍ പ്രധാനമായും പരാതിയുന്നയിച്ചത്. 

Read Also: തീസ് ഹസാരി കോടതി സംഘര്‍ഷം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

സംഭവത്തില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തു. അതിനിടെ, ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന സംഘര്‍ഷത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് വെടിവെപ്പിലാണ് ഒരു അഭിഭാഷകന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം ഇരുപത് പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിയത്. 

Read Also: തീസ് ഹസാരി കോടതിയിലെ സംഘര്‍ഷം: ദില്ലി ഹൈക്കോടതി അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്കരിക്കും