ലക്നൗ: കൊടുംകുറ്റവാളി വികാസ് ദുബെക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഉജ്ജെയിനിൽ നിന്ന് വികാസ് ദുബെയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥനാണ് രോ​ഗബാധ ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. പൊലീസ് ഉദ്യോ​ഗസ്ഥനെ ഐസോലേഷൻ വാ​ർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ ആർ ബി കമൽ പറഞ്ഞു.

അതേ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പൊലീസുകാരുടെ പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കൊടും കുറ്റവാളിയായ വികാസ് ദുബെയെ ഉജ്ജയിനിൽ നിന്നും അറസ്റ്റ് ചെയ്തത്. വികാസ് ദുബൈയെ കാൺപൂരിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ യുപി പൊലീസിന്റെ ദ്രുത ക‍ർമ്മ സേനയാണ് വെടിവച്ചത്. ഏറ്റുട്ടലിനിടയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് മുറിവേറ്റിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.