ഗ്വാളിയോര്‍: പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഗ്വാളിയോര്‍ ഡിഎസ്പിയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും തെരുവില്‍ ചവറ്റ് കൂനയില്‍ ഭക്ഷണം തിരയുന്ന വ്യക്തിയെ കണ്ടെത്തിയത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തണുത്ത് വിറച്ച് മാലിന്യക്കൂനയില്‍ പരതി നടക്കുന്ന ഇയാള്‍ക്ക് ഡിഎസ്പി തന്‍റെ ജാക്കറ്റ് വച്ച് നീട്ടി. 

ജാക്കറ്റ് വാങ്ങുന്നതിനൊപ്പം ഡിഎസ്പി രത്നേശ് സിംഗ് തോമറിനെയും ഒപ്പമുണ്ടായിരുന്ന വിജയ് സിംഗ് ബഹാദുറിനേയും ഇയാള്‍ പേരെടുത്ത് വിളിക്കുകയായിരുന്നു. താടിയും മുടിയും വളര്‍ന്ന് തിരിച്ചറിയാത്ത വിധത്തിലുണ്ടായിരുന്ന വ്യക്തി പേര് വിളിച്ചതോടെ പൊലീസുകാരും ഞെട്ടി. വിവരങ്ങള്‍ തെരക്കാനുള്ള ശ്രമത്തിനിടയിലാണ് പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ പൊലീസ് ഇന്‍സ്പെക്ടറാണ് തങ്ങളുടെ മുന്‍പിലുള്ളതെന്ന് പൊലീസ് തിരിച്ചറിയുന്നത്. 

2005ല്‍ ഡാറ്റിയ ഇന്‍സ്പെക്ടറായി പോസ്റ്റിംഗ് ലഭിച്ച ശേഷം കാണാതായ മനീഷ് മിശ്രയെന്ന പൊലീസ് ഇന്‍സ്പെക്ടറിനെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മാനസിക നില സാരമായ കുഴപ്പങ്ങളോടെയാണ് മനീഷ് മിശ്രയെ കണ്ടെത്തിയിരിക്കുന്നത്. അവശനായി കണ്ട മനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായതിന് പിന്നാലെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മനീഷിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗ്വാളിയോര്‍ ക്രൈം ബ്രാഞ്ച് ഡിഎസ്പി ലൈവ് മിന്‍റിനോട് പറഞ്ഞു. 

1999ലാണ് മനീഷ് മിശ്ര പൊലീസില്‍ ചേരുന്നത്. മികച്ച അത്ലറ്റും ഷാര്‍പ്പ് ഷൂട്ടറും ആയിരുന്നു മനീഷ്. ജോലിക്കിടയില്‍ മാനസിക തകരാറ് നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മനീഷിനെ കാണാതാവുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മനീഷിന്‍റെ പിതാവ്. മനീഷിന്‍റെ സഹോദരന്‍ പൊലീസിലും സഹോദരി എംബസിയിലുമാണ് ജോലി ചെയ്യുന്നത്.