Asianet News MalayalamAsianet News Malayalam

ആൾക്കൂട്ടം നോക്കി നിൽക്കേ ദില്ലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു; കുത്തേറ്റത് 12 തവണ; 1 കോടി നഷ്ടപരിഹാരം

കുത്തേറ്റ 57കാരനായ കോൺസ്റ്റബിൾ ശംഭു ദയാൽ നാലു ദിവസത്തിന് ശേഷം ഞായറാഴ്ച മരണത്തിന് കീഴടങ്ങി.  അദ്ദേഹത്തിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

police officer stabbed to death at delhi
Author
First Published Jan 11, 2023, 3:24 PM IST

ദില്ലി: ആൾക്കൂട്ടം നോക്കിനിൽക്കേ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു. ദില്ലിയിലാണ് അതിദാരുണ സംഭവം നടന്നത്. പൊലീസ് ഉദ്യോ​ഗസ്ഥന് 12 തവണ കുത്തേറ്റു. അക്രമിയെ തടയാനോ പ്രതികരിക്കാനോ സാധിക്കാതെ ആൾക്കൂട്ടം നോക്കി നിൽക്കെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ ഇയാൾ ആക്രമിക്കുന്നത് കാണാം. കുത്തേറ്റ 57കാരനായ കോൺസ്റ്റബിൾ ശംഭു ദയാൽ നാലു ദിവസത്തിന് ശേഷം ഞായറാഴ്ച മരണത്തിന് കീഴടങ്ങി.  അദ്ദേഹത്തിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനുവരി 4നാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പടിഞ്ഞാറൻ ദില്ലിയിലെ മായാപുരിയിലെ ചേരിയിൽ നിന്ന് പിടികൂടിയ മോഷ്ടാവ് എന്ന് ആരോപിക്കപ്പെട്ട അനിഷ് രാജ് എന്ന ആളിനൊപ്പം പൊലീസ് ഉദ്യോ​ഗസ്ഥൻ നടന്നു വരുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. അനീഷ് തന്റെ ഭർത്താവിന്റെ ഫോൺ മോഷ്ടിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. കോൺസ്റ്റബിൾ ശംഭു ദയാൽ സ്ഥലത്തെത്തിയപ്പോൾ യുവതി അനീഷ് രാജിനെ ചൂണ്ടിക്കാണിച്ചു. ഇയാളിൽ നിന്ന് മോഷ്ടിച്ചെന്ന് പരാതി നൽകിയ ഫോൺ കണ്ടെടുത്തു. 

ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് പൊലീസ് ഓഫീസറെ കുത്തിയത്. ശംഭു ദയാലിന്റെ കഴുത്തിലും വയറിലും നെഞ്ചിലും ഇയാൾ കുത്തുന്നതായി വീഡിയോ ദൃശ്യങ്ങളിൽ  കാണാം. അതിന് ശേഷം ഇയാൾ ഓടിപ്പോകുകയും ജനക്കൂട്ടം അപ്പോൾ അയാളെ പിന്തുടരുകയും ചെയ്യുന്നുണ്ട്. പ്രദേശത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥനാണ് മോഷ്ടാവിനെ കീഴടക്കിയത്. കുത്തേറ്റ പൊലീസ് ഓഫീസറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

രാജസ്ഥാൻ സ്വദേശിയായ ശംഭു ദയാൽ മൂന്ന് മക്കളുടെ പിതാവാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊലീസ് ഉദ്യോ​ഗസ്ഥന് ആദരാജ്ഞലികൾ അർപ്പിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കുന്ന സമയം, അദ്ദേഹം തന്റെ ജീവനെ പോലും വകവെച്ചില്ല. അദ്ദേഹം രക്തസാക്ഷിയാണ്. അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. 

Follow Us:
Download App:
  • android
  • ios