അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്ന ഗാനത്തിന് ചുവടുവച്ച പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ഗുജറാത്തിലാണ് പൊലീസ് സ്റ്റേഷനുള്ളില്‍ ഡാന്‍സ് കളിച്ച പൊലീസുകാരിക്ക് പണികിട്ടിയത്. 

അര്‍പ്പിത ചൗധരി എന്ന പൊലീസുകാരി പൊലീസ് ലോക്കപ്പിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതാണ് വീഡിയോ. ലംഗ്നാജ് ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിയാണ് അര്‍പ്പിത. 

''അര്‍പ്പിത ചൗധരി നിയം തെറ്റിച്ചു. അവര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണ സമയത്ത് യൂനിഫോം ധരിച്ചിരുന്നില്ല. മറ്റൊന്ന് അവര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് ഒറ്റയ്ക്ക് വീഡിയോ ചിത്രീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം.'' - പൊലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര പ്രതികരിച്ചു. 

ജൂലൈ 20നാണ് അര്‍പ്പിത വീ‍ഡിയോ ചിത്രീകരിച്ചത്. പിന്നീടിത് വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായി.