സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് പ്രതാപ് എന്ന പൊലീസുകാരൻ അറുപത്തി അഞ്ച് കിലോമീറ്റർ ഓടിയത്. ഇയാൾ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലക്നൗ: നിർബന്ധപൂർവ്വം സ്ഥലം മാറ്റിയതിനെ തുടർന്ന് ചാർജെടുക്കാൻ പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഓടിയത് അറുപത്തി അഞ്ച് കിലോമീറ്റർ. ഉത്തര്‍പ്രദേശിലെ ബിത്തോലിയിലാണ് സംഭവം. ആഗ്രയിൽ നിന്ന് ബിത്തോലിയിലെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് പ്രതാപ് എന്ന പൊലീസുകാരൻ അറുപത്തി അഞ്ച് കിലോമീറ്റർ ഓടിയത്. ഇയാൾ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നിർത്താതെ ഉള്ള ഓട്ടത്തിനിടെ അവശനായ പ്രതാപ് തളര്‍ന്നുവീണു. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസര്‍വ് ഇന്‍സ്‌പെക്ടര്‍ തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റുകയായിരുന്നുവെന്ന് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞു.
'എസ്എസ്പി (സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസ്) തന്നോട് ആഗ്രയിലെ പൊലീസ് സ്റ്റേഷനിൽ തന്നെ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധപൂര്‍വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്റ്റേഷനിലേക്ക് ഓടിയത്. ഇതിനെ നിങ്ങൾക്ക് എന്റെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം'- പ്രതാപ് പറയുന്നു. അതേസമയം, പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഓടിയതിനെ കുറിച്ച് ഔദ്യോഗികമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
