ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിൽ ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരു, ലാങ്ഫോർഡ് റോഡിലെ ബാസ്റ്റ്യൻ പബ്ബിലെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്.
ബെംഗളൂരു: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിൽ ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ കേസെടുത്ത് ബെംഗളൂരു പൊലീസ്. പബ്ബിലെ ജീവനക്കാരെയും ഒപ്പമെത്തിയവരെയും ബിസിനസ്സുകാരനായ സത്യ നായിഡു പിടിച്ചുതളളുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
ബെംഗളൂരു, ലാങ്ഫോർഡ് റോഡിലെ ബാസ്റ്റ്യൻ പബ്ബിലെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പബ്ബിലെത്തിയ ഒരു സംഘം തർക്കത്തിലേർപ്പെടുന്നതിന്റെയും ബൗൺസർമാർ ഇടപെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പ്രമുഖ വ്യവസായിയും കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ സത്യ നായിഡുവാണ് ദൃശ്യങ്ങളിൽ എന്ന് വ്യക്തമായതോടെയാണ് സിറ്റി പൊലീസ് സ്വമേധയാ കേസെടുത്തത്. സത്യ നായിഡുവിനെയും സുഹൃത്തുക്കളെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പബ്ബിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ഭക്ഷണം കഴിക്കാനാണ് പബ്ബിൽ എത്തിയതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സത്യ നായിഡു പൊലീസിനെ അറിയിച്ചു. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം പബ്ബിലെത്തിയതാണെന്നും അതിന്റെ ബിൽ സംഘത്തിലെ ഒരാൾ കൊടുക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്നുമാണ് സത്യയുടെ മൊഴി. തർക്കം തീർക്കാൻ പബ്ബിലെ ജീവനക്കാരെത്തിയപ്പോൾ സത്യ നായിഡു അവരെ പിടിച്ചു തള്ളിയിരുന്നു. ഇതോടെയാണ് ബൗൺസർമാർ ഇടപെട്ടതെന്നാണ് പബ്ബ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ സത്യ നായിഡുവോ പബ്ല് ജീവനക്കാരോ പരാതി നൽകിയിട്ടില്ല. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബെംഗളൂരുവിലെ പ്രശസ്തമായ ബാസ്റ്റ്യൻ പബ്ബ്.



