ഹോസ്റ്റലിൽ സുരക്ഷിതമായി തുടരാനും പുറത്ത് ഇറങ്ങരുതെന്നും വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ലൗലി സർവകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജലന്തർ ഡി ഐ ജി നവീൻ സിങ്കള അറിയിച്ചു.
ചണ്ഡിഗഡ്: സംഘർഷമുണ്ടായ പഞ്ചാബിലെ ലൗലി സർവകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്. ക്യാമ്പസിൽ 2000 ലധികം പൊലീസുകാരെ വിന്യസിച്ചു. പൊലീസ് സർവകലാശാലയിൽ ഫ്ലാഗ് മാർച്ച് നടത്തി. സർവകലാശാല 10 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലിൽ സുരക്ഷിതമായി തുടരാനും പുറത്ത് ഇറങ്ങരുതെന്നും വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജലന്തർ ഡി ഐ ജി നവീൻ സിങ്കള അറിയിച്ചു. സംഘർഷത്തെ തുടർന്ന് അടച്ചിട്ട ദേശീയ പാത 44 ഉടൻ തുറക്കും.
ഹോസ്റ്റലിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടെന്ന ശബ്ദ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് പഞ്ചാബിലെ ലൗലി സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. സർവകലാശാലയുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനിയെ അവിടെ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ പീഡിപ്പിച്ചു എന്നായിരുന്നു പ്രചാരണം. സംഭവം പുറത്തു വരാതിരിക്കാൻ സർവകലാശാല പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്ന് സന്ദേശങ്ങൾ പ്രചരിച്ചു. ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ക്യാമ്പസിൽ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ വലിയ സംഘർഷമുണ്ടായി. പ്രധാന കെട്ടിടങ്ങളിലെ ജനൽ ചില്ലുകളും മറ്റും വിദ്യാർത്ഥികൾ അടിച്ച് തകർത്തു. തുടർന്ന് വലിയ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് വാഹനങ്ങൾ സംഘർഷത്തില്‍ തകർന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന പ്രചാരണം വ്യാജമാണെന്നും ഒരു വിദ്യാർത്ഥിക്ക് പോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ ശബ്ദ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാർത്ഥികൾക്ക് പുറമെ പുറത്ത് നിന്നുള്ളവരും സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ട്. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
