ഹൈദരാബാദ്: അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ലോക്ഡൗണിന്റെ പേരില്‍ മര്‍ദ്ദിച്ചു. മെയ് ഏഴ് വരെ ലോക്ഡൗണ്‍ തുടരാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തീരുമാനിച്ചതോടെ സംസ്ഥാനത്ത് നിബന്ധനകള്‍ ശക്തമാക്കുകയായിരുന്നു. 

മിര്‍ചൗക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് പാചക വാതക സിലിണ്ടര്‍ വാങ്ങാനും കുട്ടികള്‍ക്ക് പാല്‍ വാങ്ങാനും എത്തിയതായിരുന്നു അയാള്‍. ഇതിനിടെ ഇയാളുടെ വാഹനം പിടികൂടിയ പൊലീസ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. 

പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷമടക്കം രംഗത്തെത്തി.

'' കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ക്ക് ഭക്ഷണമില്ല. ആരും ഞങ്ങള്‍ക്ക് പണം നല്‍കുന്നില്ല. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ ഞാന്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ പോകുകയാണെന്ന്. പക്ഷേ നിങ്ങളെല്ലാവരും എന്നെ മര്‍ദ്ദിച്ചു.  എന്ത് തെറ്റിനായിരുന്നു അത് ? '' എന്ന് ഡ്രൈവര്‍ ചോദിക്കുന്ന വീഡിയോ വൈറലാവുകയാണ്.