സേലം: നവജാതശിശുവിനെ വിറ്റ് പിതാവ് ഓട്ടോറിക്ഷ വാങ്ങിയ പിതാവിനായി തെരച്ചില്‍. തമിഴ്നാട്ടിലെ സേലം നെത്തിമേടാണ് സംഭവം. മൂന്നാമതുണ്ടായ പെണ്‍കുഞ്ഞിനേയാണ് നെത്തിമേട് സ്വദേശിയായ വിജയ് കുട്ടിക്കടത്ത് സംഘത്തിന് വിറ്റത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇയാള്‍ 1.2ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. നവംബര്‍ 1നാണ് വിജയുടെ ഭാര്യ സത്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

നവംബര്‍ 15മുതല്‍ ഈ കുഞ്ഞിനെ കാണാതാവുകയായിരുന്നു. കുഞ്ഞിനെ കാണുന്നില്ലെന്ന പരാതിയുമായി സത്യ പൊലീസിനെ സമീപിക്കുകയായിരുന്നു. എസ്സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് വിജയ്. സത്യയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റതായ് പൊലീസിന് വ്യക്തമായത്. വിജയെ പൊലീസ് ചോദ്യം ചെയ്തതോടെ ഈറോഡ് സ്വദേശിയായ നിഷ എന്ന യുവതിക്കാണ് കുഞ്ഞിനെ വിറ്റതെന്ന് വിജയ് പൊലീസിനോട് വ്യക്തമാക്കി.

ഇവരില്‍ നിന്ന് വാങ്ങിയ കുഞ്ഞിനെ പലരിലൂടെ വിറ്റ് ഒടുവില്‍ ആന്ധ്രപ്രദേശ് സ്വദേശികളുടെ പക്കലാണ് കുഞ്ഞുള്ളതെന്ന് പൊലീസ് കണ്ടെത്തി. നിഷയേയും സഹായി ഗോമതിയേയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ ഒളിവില്‍ പോയ വിജയ്, മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഓട്ടോറിക്ഷ വാങ്ങിയ വിജയ് ഓട്ടോയും പിന്നീട് പണയം വച്ചിരുന്നു. ഒരുവര്‍ഷം മുന്‍പാണ് തമിഴ്നാട് പൊലീസ് നാമക്കല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് സംഘത്തെ പിടികൂടിയത്. സേലത്തെ സമാനരീതിയുള്ള സംഭവം പുതിയ കുട്ടിക്കടത്ത് സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.