Asianet News MalayalamAsianet News Malayalam

നാടകാന്തം ട്വിസ്റ്റ്, സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണും, കലങ്ങിത്തെളിയുമോ?

എംഎൽഎമാരെയും കൂട്ടി നാടുവിടൽ, ദില്ലിയിലിരുന്ന് വില പേശൽ, ബിജെപിയിലേക്കെന്ന് ഊഹാപോഹം, ഒടുവിൽ നാടകാന്തം ശുഭം. സച്ചിൻ പൈലറ്റ് കോൺഗ്രസിൽ മടങ്ങിയെത്തിയേക്കും.

political crisis in rajasthan comes to an end sachin pilot meeting rahul gandhi live updates
Author
New Delhi, First Published Aug 10, 2020, 4:40 PM IST

ദില്ലി/ ജയ്‍പൂർ: രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധി ഒടുവിൽ കലങ്ങിത്തെളിയുന്നു. നാടകാന്തം ട്വിസ്റ്റോടെ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വദ്രയെയും കാണുമെന്ന് റിപ്പോർട്ടുകൾ. ദില്ലിയിലെ വസതിയിൽ നിന്ന് രാഹുലും പ്രിയങ്കയും ഒരുമിച്ച് പുറത്തുപോയി. ഇത് സച്ചിനെ കാണാനാണെന്നാണ് വിവരം. 

താഴെ വീഴാറായി നിന്ന രാജസ്ഥാൻ സർക്കാരിന് ഇനി ആശ്വസിക്കാം. സച്ചിൻ പൈലറ്റ് തിരികെ കോൺഗ്രസിലെത്തിയേക്കുമെന്നാണ് സൂചന. സച്ചിൻ പൈലറ്റ് ക്യാമ്പും കോൺഗ്രസ് നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചകൾ സമവായത്തിലെത്തിയെന്നാണ് വിവരം. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായെന്നാണ് വിവരം. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സച്ചിൻ കാണുമോ എന്നതിൽ വ്യക്തതയില്ല. സച്ചിൻ പൈലറ്റിനെ കാണാനായി രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് പുറപ്പെട്ടത്. 

രണ്ടാഴ്ച മുമ്പ് പ്രിയങ്കാഗാന്ധിയും സച്ചിൻ പൈലറ്റും നാഷണ‌ൽ ക്യാപിറ്റൽ റീജ്യൺ എന്നറിയപ്പെടുന്ന ദില്ലിയുടെ പ്രാന്തപ്രദേശമായ എൻസിആറിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ നേതൃതലങ്ങളിലായി സമവായചർച്ചകൾ നടക്കുന്നുമുണ്ടായിരുന്നു. 

എന്നാൽ പൈലറ്റിന്‍റെ ടീം ഈ സമവായസാധ്യതകൾ നിലവിൽ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിട്ടില്ല. ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്നുവെന്ന് തന്നെയാണ് പൈലറ്റ് ടീമിലെ ഒരു സംഘം വിമതർ ഇപ്പോഴും പറയുന്നത്. 

നേരത്തേ പ്രിയങ്കാ ഗാന്ധിയാണ് ഇടപെട്ട് സച്ചിൻപൈലറ്റുമായുള്ള സമവായചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത്. രാഹുലിനെയോ സോണിയയെയോ കണ്ട് ചർച്ച നടത്താൻ സച്ചിൻ പൈലറ്റിനോട് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാലിതിന് പോലും അന്ന് സച്ചിൻ പൈലറ്റ് വഴങ്ങിയില്ല. ഗെലോട്ടിനെ മാറ്റാതെ ചർച്ചയില്ലെന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ നിലപാട്. മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ പിൻമാറില്ലെന്ന് ഉറപ്പിച്ച പൈലറ്റിനെ അന്ന് കടുത്ത ഭാഷയിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിമർശിക്കുകയും ചെയ്തു.

എന്നാൽ, ഓഗസ്റ്റ് 14-ന് തുടങ്ങാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാസമ്മേളനം നടക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കേ, വിശ്വാസവോട്ടെടുപ്പിലേക്ക് ഗെലോട്ട് സർക്കാർ നീങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കൂടുതൽ സമവായചർച്ചകൾക്ക് കളമൊരുങ്ങിയത്. 

വിമതർ ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഗെലോട്ട് തുറന്നടിച്ചതാണ്. പൈലറ്റുമായി ചർച്ച നടത്താനും ഗെലോട്ട് തയ്യാറായിരുന്നില്ല. സ്വന്തം ക്യാമ്പിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ മാത്രം എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്ന ഗെലോട്ട്, പക്ഷേ നിലപാടിൽ തരിപോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പകരം, തന്‍റെ മുൻ ഉപമുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുകയും ചെയ്തു. 

ബിജെപിയുമായി ചേർന്ന് സച്ചിൻ പൈലറ്റ് സർക്കാരിനെ താഴെ വീഴ്ത്തുമെന്ന് പറ‍‌ഞ്ഞ ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് തന്നെ രംഗത്തുവന്നു. ബിജെപിയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ച പൈലറ്റ്, തന്‍റെ ആവശ്യം ന്യായമാണെന്നും അവകാശപ്പെട്ടു. 

സമവായശ്രമങ്ങൾക്ക് ഇതും തിരിച്ചടിയായി. ടീം പൈലറ്റ് വഞ്ചകരുടെ സംഘമാണെന്നായിരുന്നു ഗെലോട്ട് പക്ഷത്തെ എംഎൽഎമാരുടെ നിലപാട്. ഞായറാഴ്ച രാത്രി എംഎഎൽമാരെ പാർപ്പിച്ച ജയ്‍സാൽമീറിലെ ഹോട്ടലിൽ നടന്ന ഭരണകക്ഷിയോഗത്തിൽ, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള എണ്ണം തനിക്കൊപ്പമുണ്ടെന്ന് ഗെലോട്ട് വീണ്ടും പ്രഖ്യാപിച്ചു. പാർട്ടിയെ വ‍ഞ്ചിച്ച 19 വിമതരെ തിരികെ സ്വീകരിക്കരുതെന്ന് ഭരണപക്ഷ എംഎൽഎമാർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

എന്നാൽ സഭയിൽ കരുത്തും ഭൂരിപക്ഷവും തെളിയിക്കുകയാണ് തങ്ങളുടെ പ്രധാനദൗത്യമെന്നാണ് എംഎഎൽമാരോട് ഗെലോട്ട് പറഞ്ഞത്. ''നമ്മളെല്ലാം ജനാധിപത്യത്തിന്‍റെ പോരാളികളാണ്. ഈ യുദ്ധം നമ്മൾ ജയിക്കും. മൂന്നരവർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പും നമ്മൾ ജയിക്കും'', എന്ന് ഗെലോട്ട്. 

Follow Us:
Download App:
  • android
  • ios