നീതിന്യായവ്യവസ്ഥയെ നിലനിൽക്കുന്ന രാജ്യത്തിന് ചേർന്ന നടപടിയല്ല ഉണ്ടായതെന്ന് മേനകഗാന്ധി, ശശിതരൂർ, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ്മ അരവിന്ദ് കെജ്രിവാ‌ൾ എന്നിവർ അഭിപ്രായപ്പെട്ടു

ദില്ലി: ദിശ കൊലക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ദേശീയ രാഷ്ട്രീയ നേതാക്കളും പ്രമുഖരും. ഹൈദരാബാദ് പൊലീസിനെ കണ്ട് ദില്ലി, ഉത്തർപ്രദേശ് പൊലീസ് സേനകൾ പഠിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി അഭിപ്രായപ്പെട്ടപ്പോൾ നീതി ന്യായ വ്യവസ്ഥയിലൂടെയാണ് പ്രതികൾ ശിക്ഷിക്കെപ്പേണ്ടെതെന്ന് മേനക ഗാന്ധി അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊലീസിനെ അനൂകൂലിച്ച് സിനിമ കായികതാരങ്ങളും രംഗത്ത് എത്തി.

ഹൈദരാബാദിൽ മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് പാർലമെന്റിൽ അടക്കം നടന്നത്. പ്രതികളെ ജനകൂട്ടത്തിന്റെ നടുവിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജയബച്ചൻ പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ വെടിവച്ച് കൊന്നതോടെ കരുതലോടെയാണ് പല നേതാക്കളും പ്രതികരിച്ചത്. സംഭവത്തിൽ പൊലീസ് നടപടിയെ അനൂകൂലിച്ച് ബിഎസ്പി അധ്യക്ഷ മായാവതി ബിജെപി നേതാവ് ശിവരാജ് സിങ്ങ് ചൗഹാൻ ,ആർജെഡി നേതാവ് റായിബ്ര ദേവി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.

എന്നാൽ നീതിന്യായവ്യവസ്ഥയെ നിലനിൽക്കുന്ന രാജ്യത്തിന് ചേർന്ന നടപടിയല്ല ഉണ്ടായതെന്ന് മേനകഗാന്ധി, ശശിതരൂർ, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ്മ അരവിന്ദ് കെജ്രിവാ‌ൾ എന്നിവർ അഭിപ്രായപ്പെട്ടു

ഹൈദരാബാദ് പൊലീസിനെ യുപി പൊലീസ് കണ്ടുപഠിക്കണമെന്നായിരുന്നു മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ പ്രതികരണം. 'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണ്. എന്നാല്‍ യുപി പൊലീസ് ഉറക്കത്തിലാണ്. ഇവിടുത്തെയും ദില്ലിയിലെയും പൊലീസ് ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ കുറ്റവാളികളെ സര്‍ക്കാരിന്‍റെ അതിഥിയായാണ് പരിഗണിക്കുന്നത്' മായാവതിയുടെ വിമർശനം ഇങ്ങനെയായിരുന്നു. 

എന്നാൽ വിഷയത്തിൽ രൂക്ഷ വിമർശനവുമായാണ് മനേക ഗാന്ധി രംഗത്തെത്തിയത്. ഇങ്ങനെ നീതി നടപ്പാക്കാനെങ്കിൽ എന്തിനാണ് കോടതിയും നിയമവും വിചാരണയും എല്ലാം എന്നായിരുന്നു മനേക ഗാന്ധിയുടെ ചോദ്യം. രാജ്യത്ത് കാര്യങ്ങൾ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കിൽ 
സ്ഥിതി അ‌പകടകരമാണെന്ന് പറഞ്ഞ മനേക ​ഗാന്ധി വേണമെന്ന് വച്ച് ആളുകളെ കൊല്ലാൻ കഴിയില്ലെന്നും നിയമം കൈയ്യിൽ എടുക്കാൻ പാടില്ലെന്നും വ്യക്തമാക്കി. പ്രതികളെ കോടതി ശിക്ഷിക്കുമായിരുന്നെന്നും മനേക ​ഗാന്ധി കൂട്ടിച്ചേർത്തു. 

Scroll to load tweet…

പ്രതികളെ വെടിവെച്ച് കൊന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന് ശശി തരൂർ എംപിയും അഭിപ്രായപ്പെട്ടു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയായിരുന്നു വേണ്ടിയിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കി. 

ഒരു സാധാരണ പൗര എന്ന നിലയിൽ ഈ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടിയിരുന്നതെന്ന് ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയിലൂടെയാണ് നീതി നടപ്പാക്കപെടേണ്ടത് , ശരിയായ നടപടിക്രമങ്ങൾ പാലിക്കപ്പെടണമായിരുന്നു എന്നും രേഖാ ശർമ്മ ഓ‌‌ർമ്മിപ്പിച്ചു. 

ബലാത്സംഗക്കേസുകളോടുള്ള രോഷമാണ് ജനങ്ങളെ ഹൈദരാബാദ് ഏറ്റുമുട്ടലിന് ജനങ്ങൾ കൈകൊട്ടാൻ കാരണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തിയതിന്റെ ഉദാഹരണമാണിതെന്നും കേജ്രിവാൾ കുറ്റപ്പെടുത്തി. 

പൊലീസിന് ബിഗ് സല്യൂട്ടെന്ന് സൈന നെഗർവാൾ ട്വീറ്റിൽ കുറിച്ച്. നീതി നടപ്പായെന്ന് തെലുങ്ക് നടന്മാരായ ജൂനിയർ എൻടിആർ നാഗാർജ്ജുന എന്നിവരും അഭിപ്രായപ്പെട്ടു.