പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യന്റെ കൂട്ടാളിയായ സുമിത് മോഹനനെയാണ് കളമശ്ശേരിയിൽ നിന്ന് പോലീസ് പിടികൂടിയത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. കഴിഞ്ഞദിവസം എംഡിഎംഎയുമായി അറസ്റ്റിലായ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യന്റെ കൂട്ടാളിയായ എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുമിത് മോഹനനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും 'ആന്റി ഡ്രഗ്സ് മൂവ്മെന്റ്' എന്ന വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി പെരുമ്പെട്ടി പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ കൂട്ടാളിയായ സുമിത് മോഹനനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.
നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാൾ എന്ന രീതിയിൽ സജീവമായിരുന്ന എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനെ പെരുമ്പെട്ടി പൊലീസാണ് ആദ്യം അറസ്റ്റ് ചെയ്തത്. ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായാണ് ഇയാൾ വലയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്.
പ്രതിയിൽ നിന്നും 1.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഈ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലഹരി വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പ്രതിയുടെ പക്കൽ നിന്നും പോലീസ് സംഘം പിടിച്ചെടുത്തിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഈ ലഹരി കടത്തിനെക്കുറിച്ച് പെരുമ്പെട്ടി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇപ്പോൾ കളമശ്ശേരിയിൽ നിന്ന് കൂട്ടാളിയും പിടിയിലായിരിക്കുന്നത്.


