Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ വെല്ലൂരില്‍ പോളിങ് തുടങ്ങി

തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിങ് തുടങ്ങി. 

polling started loksabha election vellore
Author
Vellore, First Published Aug 5, 2019, 8:05 AM IST

വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിങ് തുടങ്ങി. മുത്തലാഖ് ബില്ലടക്കം സജീവ ചര്‍ച്ചയായ വെല്ലൂരില്‍ ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുമെന്നാണ് ഡിഎംകെ കണക്കുകൂട്ടല്‍. സഖ്യകക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തിയുള്ള പ്രചാരണതന്ത്രം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണ്ണാഡിഎംകെ.

പതിമൂന്നര ലക്ഷം വോട്ടര്‍മാരില്‍ മൂന്നരലക്ഷത്തോളം ന്യൂനപക്ഷ വിഭാഗമാണ്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിന്‍റെ വണ്ണിയര്‍ സമുദായത്തില്‍ നിന്നുള്ളവര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ വിഷയമാക്കിയായിരുന്നു ഡിഎംകെ പ്രചാരണം. ഉറച്ച ഡിഎംകെ വോട്ടുകള്‍ കൂടി കൈവിട്ടില്ലെങ്കില്‍ അണ്ണാഡിഎംകെയില്‍ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാമെന്ന് ഡിഎംകെ പ്രതീക്ഷിക്കുന്നു.

വെല്ലൂരില്‍ ശക്തമായ സ്വാധീനമുള്ള പുതിയ നീതി കക്ഷി നേതാവ് എസി ഷണ്‍മുഖമാണ് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി. മുത്തലാഖ്, യുഎപിഎ ബില്ല് അടക്കം തിരിച്ചടിയാകുമോ എന്ന ആശങ്ക അണ്ണാഡിഎംകെയ്ക്കുണ്ട്. ഇത് മുന്നില്‍ കണ്ട് ബിജെപിയെ പാടെ ഒഴിവാക്കിയായിരുന്നു പ്രചാരണം. 

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുത്ത വേദികളില്‍ പോലും ബിജെപി പ്രദേശിക നേതാക്കള്‍ ഇടംപിടിച്ചില്ല. അതേസമയം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്ന കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യവും, ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും മത്സരരംഗത്തില്ല. 

Follow Us:
Download App:
  • android
  • ios