ദില്ലി: കൊവിഡ് ചികിത്സക്കായി രാജ്യത്തെ ആശുപത്രികൾ വഴിമാറിയതോടെ മറ്റ് രോഗങ്ങളാൽ വലയുന്നവർ പ്രതിസന്ധിയിൽ. പല ആശുപത്രികളിലും ഒപി വിഭാഗവും അടച്ചതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികൾ കൊവിഡ് ചികിത്സക്കായി സജ്ജീകരിച്ചതോടെ ദൂരങ്ങൾ താണ്ടി ചികിത്സക്കായി എത്തിയവരിൽ പലരും നിസഹായരായിരിക്കുകയാണ്.

ജന്മനാ നട്ടെല്ലിന് ഗുരുതരരോഗവുമായി ആണ് കുഞ്ഞ് ആയൻ പിറന്നത്. 9 മാസമായ ഈ കുഞ്ഞുമായി ഉത്തർപ്രേദേശിലെ ഗോരക്പൂരിൽ നിന്നും അവസാന പ്രതീക്ഷയുമായി ഇവർ ദില്ലി എംയിസിൽ എത്തിയത്. ആദ്യ തവണ ഡോക്ടറെ കണ്ട് തുടർചികിത്സക്കായി വീണ്ടും കാണാൻ ഇരിക്കെയാണ് കൊവിഡിന് തുടർന്നുള്ള നിയന്ത്രണങ്ങൾ. ഇതോടെ ആശുപത്രിയിലെ ഒപിഡി അടച്ചു. 

പിന്നാലെ സമ്പൂർണ്ണ അടച്ചു പൂട്ടൽ, നാട്ടിലേക്ക് രോഗിയായ കുഞ്ഞുമായി മടങ്ങാൻ ഇവർക്കായില്ല. വേദനകൊണ്ട് രാത്രിയിൽ നിലവിളിക്കുന്ന അയനെ ചേർത്ത് കൊണ്ട് താൽകാലിക ക്യാമ്പിൽ കഴിഞ്ഞു കൂടുകയാണ് അവന്‍റെ അമ്മ. 

കൈയിൽ കുട്ടിക്ക് പാലു വാങ്ങാൻ പോലും പണമില്ല, അടച്ചുപൂട്ടിലിൽ കുടുങ്ങിപ്പോയി, ഡോക്ടറെ കാണാതെ തുടർചികിത്സ അറിയില്ല, മറ്റു രണ്ട് കുട്ടികളെ ഗ്രാമത്തിലാക്കിയാണ് വന്നത്. അവരുടെ കാര്യത്തിൽ എന്തെന്നു പോലും അറിയില്ല ഈ അമ്മയ്ക്ക്. 

അയനെ പോലെ ഗുരുതര രോഗത്തിന് ചികിത്സക്കായി മധ്യപ്രദേശിൽ നിന്ന് എത്തിയതാണ് ഗോപാൽ.സിങ്ങ്. ഇപ്പോൾ രോഗബാധിതമായ കണ്ണുകളുമായി താൽകാലിക ക്യാമ്പിൽ. എയിംസിലെ പൊതുനിരത്തിൽകിടന്നിരുന്ന ഗോപാൽ സിങ്ങിന് ഇപ്പോൾ ക്യാമ്പിൽ നിന്ന് ഭക്ഷണം കിട്ടുന്നത് മാത്രമാണ് ആശ്വാസം. കൊവിഡിനെ തുടർന്ന് മാർച്ച് അവസാനത്തോടെയാണ് നഗരത്തിലെ 37 സർക്കാ‍ർ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങൾ മാത്രമാക്കി പ്രവർത്തനം ചുരുക്കിയത്.