Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന ക്യാമ്പില്‍ റെയ്ഡ്; കേരള ബന്ധം കണ്ടെത്താന്‍ അന്വേഷണം, ഞെട്ടിക്കുന്ന വിവരങ്ങള്‍

അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ഉളള ചിലരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസിന്റെ സഹായം തേടുമെന്ന് പാറ്റ്ന എഎസ്പി മനീഷ് കുമാർ പറഞ്ഞു

popular front weapon training camp raid investigation on kerala relation
Author
Patna, First Published Jul 16, 2022, 8:40 AM IST

പാറ്റ്ന: പാറ്റ്നയിലെ പോപ്പുലർ ഫ്രണ്ട് ആയുധ പരീശീലന ക്യാമ്പിലെ കേരള , തമിഴ്നാട് ബന്ധവും അന്വേഷിക്കുമെന്ന് ബിഹാർ പൊലീസ്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ഉളള ചിലരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസിന്റെ സഹായം തേടുമെന്ന് പാറ്റ്ന എഎസ്പി മനീഷ് കുമാർ പറഞ്ഞു. പരിശീലന ക്യാമ്പ് റെയ്ഡിൽ രണ്ടുപേരെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരിൽ നിന്നും മറ്റു പലരുടെയും വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ അടക്കമുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസിനോടുപമിച്ച് വിവാ​ദത്തിലായ പൊലീസ് ഓഫിസർ വിശദീകരണവുമായി രം​ഗത്ത് വന്നു. പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പട്‌നയിലെ സീനിയർ പൊലീസ് സൂപ്രണ്ട് മാനവ്ജീത് സിംഗ് ധില്ലൺ വിശദീകരിച്ചു.

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും പോപ്പുലർ ഫ്രണ്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് ഓഫിസർ വിശദീകരിച്ചു. തന്റെ ഉദ്ദേശ്യം ഒരിക്കലും രണ്ട് സംഘടനകളെ താരതമ്യം ചെയ്യുകയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് എങ്ങനെ പ്രവർത്തിച്ചുവെന്ന് വിശദീകരിക്കുന്നതിനിടയിൽ,  പ്രത്യേകിച്ചും എങ്ങനെയാണ് അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നതിനിടയിൽ പൊലീസ് ഓഫിസർ ആർ‌എസ്‌എസിന്റെ രീതികൾ ഉദ്ധരിച്ചിരുന്നു.

'പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ ആര്‍എസ്എസ് ശാഖ പോലെ': പുലിവാല്‍ പിടിച്ച് ബിഹാര്‍ പൊലീസ് ഓഫീസര്‍

ആർഎസ്എസുകാർക്ക് ലാത്തി ഉപയോഗിക്കുന്നതിന് ശാഖകളിൽ പരിശീലനം നൽകുന്നതുപോലെ കായിക അഭ്യാസത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കളെ ആകർഷിക്കുകയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൊലീസുകാരൻ പറഞ്ഞത്. തുടർന്ന് ബിജെപി രം​ഗത്തെത്തി. ബിജെപി പ്രതിഷേധിച്ചതോടെ 48 മണിക്കൂറിനുള്ളിൽ എസ്എസ്പി ധില്ലനോട് വിശദീകരണം തേടാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്നാണ് എഎസ്പി വിശദീകരണത്തിനായി വാർത്താസമ്മേളനം വിളിച്ചത്. 

Follow Us:
Download App:
  • android
  • ios