മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ പോലെയുള്ള ചില പ്രദേശങ്ങളിൽ കൊവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിസീസ് സർവേലിയൻ ഓഫീസർ ഡോക്ടർ പ്രദീപ് അവാത പറഞ്ഞതായി ഹിന്ദുസ്ഥാൻ‌ ടൈംസ് റിപ്പോർട്ട്. സംസ്ഥാനത്തെ മുഴുവൻ കേസുകളും​ പരിശോധിക്കുമ്പോൾ ഓരോ ക്ലസ്​റ്ററുകളായാണ്​ വ്യാപനമുണ്ടായിരിക്കുന്നത്​. എന്നാൽ മറ്റു ചില ഭാഗങ്ങളിലും സമൂഹ വ്യാപനം നടന്നതിന്റെ തെളിവ്​ ലഭിച്ചതായി രോഗവ്യാപന നിരീക്ഷണ ഉദ്യോഗസ്ഥൻ ഡോ. പ്രദീപ് അവാതെ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ്​ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലും വ്യത്യസ്തവുമാണ്.  വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക മേഖലകളുള്ളതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്​ മുംബൈ. ഒരു​ ചതുശ്ര കിലോമീറ്ററിൽ 20,000 പേരാണ്​ ഇവിടെ വസിക്കുന്നത്​. അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം  ദേശീയ നിരക്കിനേക്കാൾ ഉയർന്ന് നിൽക്കുന്നത്.

ഓരോ കേസുകളും ആഴത്തിൽ പരിശോധിച്ചെങ്കിൽ മാത്രമേ ഏത് രീതിയിലാണ് സമൂഹവ്യാപനം നടന്നിട്ടുള്ളത് എന്ന് കണ്ടെത്താൻ സാധിക്കൂ. കൊവിഡ് ബാധിതർ തമ്മിൽ ബന്ധപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തണം. യാത്രാ വിവരങ്ങൾ, കുടുംബ വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ടെന്നും അവാതെ വ്യക്തമാക്കി. മഹാരാഷ്​ട്രയിൽ 22,171 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 832 പേർ വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചു. മുംബൈയിൽ മാത്രം 13,564 കോവിഡ്​ കേസുകളും 508 മരണവും റിപ്പോർട്ട്​ ചെയ്​തു.