പുതുക്കോട്ടയിലെ ഡിഎംകെ ഭാരവാഹികളായ രണ്ട് പേരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.  ഇൻപനിധി ഭാവി നേതാവെന്ന രീതിയിലായിരുന്നു പോസ്റ്റര്‍ തയ്യാറാക്കിയത്

ചെന്നൈ: പോസ്റ്ററിന്റെ പേരിൽ ഡിഎംകെയിൽ നടപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊച്ചുമകനും ഉദയനിധി സ്റ്റാലിന്‍റെ മകനുമായ ഇന്‍പനിധിയുടെ ചിത്രം വച്ച് പോസ്റ്റർ ഇറക്കിയവർക്കാണ് സസ്പെൻഷൻ. പുതുക്കോട്ടയിലെ ഡിഎംകെ ഭാരവാഹികളായ രണ്ട് പേരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇൻപനിധി ഭാവി നേതാവെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത് സെപ്റ്റംബർ 24നു ഇൻപനിധി വിങ്ങിന്റെ നേതൃത്വത്തിൽ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നും പോസ്റ്റർ വിശദമാക്കുന്നുണ്ട്.

ഡിഎംകെ ജനറല്‍ സെക്രട്ടറി ജുരൈ മുരുഗനാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. പുതുക്കോട്ട ജില്ലയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മണിമാരന്‍, തിരുമുരുഗന്‍ എന്നിവര്‍ക്കെതിരെയാണ് ഡിഎംകെ നടപടി എടുത്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റാലിന്‍റെയും ഉദയനിധിയുടേയും ഇന്‍പനിധിയുടേയും പേരില്‍ പോസ്റ്റര്‍ ഇറക്കിയത് വലിയ രീതിയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ദ്രാവിഡ രാഷ്ട്രീയം കുടുംബ വിഷയമായി മാറുന്നുവെന്നായിരുന്നു പോസ്റ്ററിനെതിരായി ഉയര്‍ന്ന വിമര്‍ശനം.

സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദമായതിന് ഇടയിലാണ് പോസ്റ്ററും ചര്‍ച്ചയാവുന്നത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ ദില്ലി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതിക്കാരൻ. രണ്ടു വിഭാഗങ്ങൾക്കിടയിൽ സപ്ർധയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി ആരോപിക്കുന്നത്. 

പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു; കഴിഞ്ഞ ദിവസം സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലർ പത്രത്തെ വിമർശിച്ചപ്പോൾ, ദ്രാവിഡന്മാർ വിദ്യാഭ്യാസത്തിലും ആര്യന്മാർ കക്കൂസിലും ശ്രദ്ധിക്കുന്നുവെന്ന് ഉദയനിധി തുറന്നടിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം