ശ്രീനഗര്‍: ജമ്മു കശ്മീരിലെ പത്തു ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്ഷൻ ലഭിച്ചു തുടങ്ങും. രണ്ട് മാസങ്ങൾക്ക് ശേഷമാണ് താഴ്‍വരയിൽ മൊബൈൽ സേവനങ്ങൾക്ക് ഇളവ് വരുത്തുന്നത്. 40 ലക്ഷം പോസ്റ്റ് പേഡ് ഉപഭോക്താക്കളാണ് ഇവിടെയുള്ളത്. 

കണക്ഷനുകൾ ലഭ്യമാക്കുമെങ്കിലും വിദ്വേഷകരമായ സന്ദേശങ്ങൾ കൈമാറുന്നവര്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കുകയാണെന്ന് ഡിജിപി അറിയിച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ലാൻഡ് ലൈൻ കണക്ഷനുകളും വിനോദ സഞ്ചാരികൾക്കുള്ള വിലക്കും നീക്കിയിരുന്നു.

Read more:ജമ്മുകശ്മീരില്‍ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും തിങ്കളാഴ്ച മുതല്‍ പുനഃസ്ഥാപിക്കും

പ്രത്യേക പദവി നൽകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 377-ാം അനുച്ഛേദം എടുത്തുകള‍ഞ്ഞതിന് പിന്നാലെയാണ് ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിച്ചതും.

ജമ്മുകശ്മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ് മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.