രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാൻ ഒക്ടോബർ 27ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം നൽകിയ സത്യവാംങ്മൂലത്തിൽ കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദില്ലി: ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രാജ്യത്തിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്രസര്‍ക്കാരിനോട് (central government) സുപ്രീംകോടതി (supreme court). സമൂഹ അടുക്കളകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കാത്തതിന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നൽകി. പദ്ധതി തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാതെ എന്താണ് കേന്ദ്രം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കൊവിഡ് പ്രതിസന്ധിയിൽ ഭക്ഷണം കിട്ടാതെ കുട്ടികൾ വിശന്ന് മരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിൽ രാജ്യത്ത് സമൂഹ അടുക്കളകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകിയിരുന്നു. ഉത്തരവിറക്കി 15 ദിവസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഇല്ലാത്തതിനാണ് കോടതിയുടെ വിമര്‍ശനം.
Read Also : Air Pollution|ദില്ലിയിലെ വായു മലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്;ലോക്ഡൗൺ അടക്കം പരിഗണനയിൽ
പദ്ധതി ആലോചനയിലാണെന്ന് അറിയിച്ച് അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍റെ സത്യവാംങ്മൂലമാണ് കോടതിക്ക് കിട്ടിയത്. ഏതെങ്കിലും അണ്ടര്‍ സെക്രട്ടറിയുടെ സത്യവാംങ്മൂലമല്ല, ഉത്തരവാദിത്തപ്പെട്ട സെക്രട്ടറിയുടെ സത്യവാംങ്മൂലമാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. ഇത് കേന്ദ്രത്തിനുള്ള അവസാന മുന്നറിയിപ്പാണ്. ക്ഷേമരാജ്യത്ത് ജനം പട്ടിണി കിടന്ന് മരിക്കുന്നില്ലെന്നത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കോടതി വിമര്‍ശിച്ചു. വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. എത്രകാലം ഇങ്ങനെ വിവരങ്ങൾ തേടുമെന്ന് ചോദിച്ച കോടതി, പൊലീസുകാരെ പോലെയല്ല വിവരങ്ങൾ തേടേണ്ടതെന്ന് വിമര്‍ശിച്ചു. പിന്നീട് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ച് സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാൻ മൂന്നാഴ്ചത്തെ സമയം കേന്ദ്രത്തിന് കോടതി നൽകി.
