ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്സഭയില്‍ എസ്പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം.

എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‍സെ  തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

പ്രഗ്യയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം, പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. മലേഗാവ് സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതും കഴിഞ്ഞയിടെ വിവാദമായിരുന്നു. 

ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്‍റെ പ്രസ്താവന.

Read Also: മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേ ദേശസ്നേഹിയായിരുന്നു, ആണ്, ആയിരിക്കും: പ്രഗ്യ സിങ് ഠാക്കൂർ

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് മാപ്പ് പറഞ്ഞെന്നും പിന്നാലെ ബിജെപി അറിയിച്ചിരുന്നു. 

Read Also: ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശം; പ്രഗ്യ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞെന്ന് ബിജെപി