പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ, പീഡന ദൃശ്യങ്ങൾ പുറത്തുവന്നത് മുൻ ഡ്രൈവറിൽ നിന്ന്, കൈമാറിയത് ബിജെപി നേതാവിന്
പ്രജ്വലിന്‍റെ മുൻ ഡ്രൈവറിൽ നിന്നാണ് വീഡിയോകൾ പുറത്ത് വന്നതെന്നും ഇയാൾ ദൃശ്യങ്ങൾ ബിജെപി നേതാവ് ദേവരാജഗൗഡക്കാണ് കൈമാറിയതെന്നുമുളള വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്.
ബംഗ്ളൂരു : ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രജ്വലിന്‍റെ മുൻ ഡ്രൈവറിൽ നിന്നാണ് വീഡിയോകൾ പുറത്ത് വന്നതെന്നും ഇയാൾ ദൃശ്യങ്ങൾ ബിജെപി നേതാവ് ദേവരാജഗൗഡക്കാണ് കൈമാറിയതെന്നുമുളള വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്.
കോൺഗ്രസ് നേതാക്കളാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്ന് ബിജെപി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയുടെ വെളിപ്പെടുത്തൽ. പ്രജ്വൽ പീഡിപ്പിച്ച സ്ത്രീകൾക്ക് നീതി തേടിയാണ് ദൃശ്യങ്ങൾ ബിജെപി നേതാവിന് കൈമാറിയതെന്നാണ് കാർത്തിക് റെഡ്ഡിയുടെ വിശദീകരണം. പ്രജ്വലിന്‍റെ ഐഫോണിൽ നിന്ന് ദൃശ്യങ്ങൾ എയർഡ്രോപ്പ് ചെയ്തെടുത്തു. ദൃശ്യങ്ങളുടെ പകർപ്പ് ബിജെപി നേതാവ് ദേവരാജ ഗൗഡയ്ക്ക് മാത്രമേ നൽകിയിട്ടുള്ളൂ. കോൺഗ്രസ് ഉൾപ്പടെ മറ്റൊരു പാർട്ടിയുടെയും നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും കാർത്തിക് റെഡ്ഡി വിശദീകരിച്ചു.
അതേ സമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു.
കർണാടക ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു.സംഭവത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് വനിതാകമ്മീഷൻ ആവശ്യം.
പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്തു
അശ്ലീലവീഡിയോ വിവാദത്തിൽ വെട്ടിലായ ജെഡിഎസ് പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്തു. എസ്ഐടി റിപ്പോർട്ട് വന്ന ശേഷം പുറത്താക്കണോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകും. പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടേതാകും അന്തിമ തീരുമാനം. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ വിവാദത്തിൽ വെട്ടിലായ ജെഡിഎസ് കോർ കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്കെത്തിയത്.