മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും എച്ച്ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വൽ രേവണ്ണ.

ബെംഗലൂരു: കർണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ ഹൈക്കോടതി അയോഗ്യനാക്കി. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ നടരാജന്റെ സിംഗിൾ ബഞ്ചിന്റേതാണ് വിധി. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ പ്രജ്വൽ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനുമാണ്.

പ്രജ്വലിന്റെ അച്ഛൻ എച്ച് ഡി രേവണ്ണ ഹോലെനരസിപൂരിൽ നിന്നുള്ള എംഎൽഎയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്.

പ്രജ്വലിന്റെ എതിർ സ്ഥാനാർഥി എ മഞ്ജു നൽകിയ ഹർജിയിലാണ് കോടതി വിധി. പ്രജ്വലിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന മഞ്ജുവിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. മഞ്ജുവും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്ന് ബോധ്യമായതായി കോടതി വ്യക്തമാക്കി. അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ നിർവാഹമില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രജ്വൽ ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും ജെഡിഎസ് പരാജയപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്