പരപ്പന അ​ഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്നും മൊബൈൽഫോൺ പിടിച്ചെടുത്തത്. ഇതിനുപുറമേ ഫോൺ‍ ചാർജറും ഒരു പെൻഡ്രൈവും നോട്ട്ബുക്കും കണ്ടെടുത്തിരുന്നു. തുടർന്ന് മൊബൈൽഫോണും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

ബെം​ഗളൂരു: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത മൊബൈൽഫോണിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് പിന്നാലെയാണ് ഫോണിൽ നിരവധി അശ്ലീലവീഡിയോകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

പരപ്പന അ​ഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്നും മൊബൈൽഫോൺ പിടിച്ചെടുത്തത്. ഇതിനുപുറമേ ഫോൺ‍ ചാർജറും ഒരു പെൻഡ്രൈവും നോട്ട്ബുക്കും കണ്ടെടുത്തിരുന്നു. തുടർന്ന് മൊബൈൽഫോണും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിലാണ് ഫോണിൽ ഡസൻകണക്കിന് അശ്ലീലവീഡിയോകൾ കണ്ടെത്തിയത്. പെൻഡ്രൈവിൽ നിരവധി വെബ്സീരിസുകളാണ് സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.

പരപ്പന അ​ഗ്രഹാര ജയിലിലെ അതിസുരക്ഷാ സെല്ലിലാണ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയെ പാർപ്പിച്ചിരുന്നത്. പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തതോടെ ഒരു ജയിൽ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടു.

പരപ്പന അ​ഗ്രഹാര ജയിലിലെ തടവുകാരിൽ ചിലർക്ക് വിഐപി പരി​ഗണന ലഭിക്കുന്നത് നേരത്തേയും വിവാദമായിരുന്നു. ജയിലിൽ തടവുകാർ മൊബൈൽഫോൺ ഉപയോ​ഗിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതും നേരത്തേ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് പീഡനക്കേസിൽ പ്രതിയായ മുൻ എംപിയിൽനിന്ന് മൊബൈൽഫോണും പിടിച്ചെടുത്തത്.

ഫാംഹൗസിലെ ജോലിക്കാരിയായ 48-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവ​ഗൗഡയുടെ കൊച്ചുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഹാസനിലെ ഫാംഹൗസിൽവെച്ച് ജോലിക്കാരിയെ പലതവണ പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.