തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയായ പ്രകാശ് ചിക് ബരാക് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നുണ്ടായ ആഭ്യന്തര കലഹമാണ് കൂട്ടരാജിക്ക് കാരണം. ഒരാഴ്ചയ്ക്കിടെ പാർട്ടി വിടുന്ന മൂന്നാമത്തെ രാജ്യസഭാ എംപിയാണ് ഇദ്ദേഹം, ഇത് മമതാ ബാനർജിയുടെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. രാജ്യസഭാ എംപിയായ പ്രകാശ് ചിക് ബരാക് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. ഒറ്റ ആഴ്ചയ്ക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ രാജ്യസഭാ എംപിയാണ് ഇദ്ദേഹം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ പരാജയത്തെത്തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹമാണ് കൂട്ടരാജിക്ക് പിന്നിൽ. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനെ നേരിട്ട് കണ്ടാണ് പ്രകാശ് ചിക് ബരാക് രാജി സമർപ്പിച്ചത്. ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ വസതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ബംഗാളിലെ ജനങ്ങൾ ബിജെപിക്കാണ് അനുകൂല ജനവിധി നൽകിയതെന്നും ടിഎംസി പരാജയപ്പെട്ട സാഹചര്യത്തിൽ താൻ പാർട്ടി വിടുകയാണെന്നും വ്യക്തമാക്കി.
പാർലമെന്റിന്റെ ഉപഭോക്തൃ കാര്യം, ഭക്ഷ്യ-പൊതുവിതരണം, ആദിവാസി ക്ഷേമം തുടങ്ങിയ സമിതികളിൽ അംഗമായിരുന്നു പ്രമുഖ ആദിവാസി നേതാവ് കൂടിയായ പ്രകാശ് ചിക് ബരാക്. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സുകേന്ദു ശേഖർ റേ ആദ്യം രാജ്യസഭയിൽ നിന്നും പിന്നീട് ടിഎംസിയിൽ നിന്നും രാജിവെച്ചിരുന്നു. സുഷ്‌മിത ദേവാണ് പിന്നീട് രാജ്യസഭാംഗത്വം രാജിവെച്ചത്. പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഇവർ കൂടിക്കാഴ്ച നടത്തിയത് വലിയ ചർച്ചയായിരുന്നു.
മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും സംസ്ഥാന രാഷ്ട്രീയത്തിലേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണ് പരാജയത്തെ തുടർന്ന് പാർട്ടിയിലും പാർലമെൻ്ററി പദവികളിലും തുടരുന്ന കൂട്ടരാജി. കഴിഞ്ഞ ആഴ്ച തൃണമൂലിന്റെ 80 എംഎൽഎമാരിൽ 58 പേർ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നിയമസഭയിൽ വിമത വിഭാഗമായി ഇരുന്നതിന് പിന്നാലെ കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ഇരുപതിലധികം ലോക്സഭാ എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജാദവ്പൂർ എംപി സായോനി ഘോഷ്, കൊൽക്കത്ത ദക്ഷിൺ എംപി മാലാ റോയ് എന്നിവരും കഴിഞ്ഞ ദിവസം വിമത ക്യാമ്പിലേക്ക് മാറിയിരുന്നു.

