മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്രസർക്കാർ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിലെ മികവ് ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കാനാണ് കേന്ദ്ര തീരുമാനം.
ന്യൂഡൽഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും അതിരൂക്ഷമായ വിമർശനവുമായി നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറാണ് തങ്ങളുടെ പ്രഥമ ദൃക്സാക്ഷിയെന്നും, അദ്ദേഹത്തെ ഉടൻ പുറത്തുവിടണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ യഥാർത്ഥ കോടതിയിലേക്ക് അദ്ദേഹത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെ പരിഹസിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് താരം സംസാരിച്ചത്. ചെറുപ്പകാലത്ത് മുതലയെ പോലും പേടിച്ചിട്ടില്ലെന്ന് വീമ്പിളക്കുന്ന ഭരണാധികാരികൾക്ക് ഇന്ന് പാറ്റകളെപ്പോലും പേടിയാണെന്ന് പ്രകാശ് രാജ് പരിഹസിച്ചു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജാതി-രാഷ്ട്രീയ ഭേദങ്ങൾക്കുമെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ ഓരോ തെരുവുകളെയും പുതിയൊരു 'ജന്തർ മന്തർ' ആക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രകാശ് രാജ് ആഹ്വാനം ചെയ്തു. അതേസമയം, രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും ഗ്യാനേഷ് കുമാറിനെ ചേര്ത്ത് നിര്ത്താനാണ് കേന്ദ്ര സര്ക്കാര് തീരുമാനം. അസാധ്യമെന്ന് കരുതിയ വോട്ടര് പട്ടിക പരിഷ്ക്കരണം നടപ്പാക്കാനായത് ഗ്യാനേഷ് കുമാറിന്റെ പ്രവര്ത്തന മികവുകൊണ്ടാണെന്നാണ് സര്ക്കാരിന്റെ വിലയിരുത്തല്.


