ദില്ലി: ഇന്ത്യ സാമ്പത്തിക ശക്തിയായി വളർന്നത്​ മുൻ സർക്കാറുകൾ പാകിയ അടിത്തറയിൽ നിന്നാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 2024ല്‍ അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറയുന്നത്. ഈ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് മുമ്പ് രാജ്യം ഭരിച്ച സര്‍ക്കാരുകളാണ്, അല്ലാതെ ബ്രിട്ടീഷുകാരല്ല- പ്രണബ് മുഖര്‍ജി പറഞ്ഞു.

ഈ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വലിയ പങ്കുണ്ട്. പൂജ്യത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 1.8 ട്രില്യണ്‍ ഡോളറിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് ആണ്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള അടിസ്ഥാനം ഇതാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചത്. എന്നാല്‍ മോദി ആസൂത്രണ കമ്മീഷനെ തന്നെ ഇല്ലാതാക്കിയെന്ന് പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ അഭിമാന സ്ഥാപനങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെ കാലത്താണ് ഉണ്ടായത്. ഐഐടി, ഐഎസ്ആര്‍ഒ, ഐഐഎം തുടങ്ങിയവയെല്ലാം സ്ഥാപിച്ചത് ജവഹര്‍ലാല്‍ നെഹ്റു ആണ്. നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ചേര്‍ന്നാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉദാരമാക്കിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.