പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു, കേന്ദ്ര സർക്കാർ രാജി അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെ, കാരണം വ്യക്തമാക്കാതെയാണ് 1988 ബാച്ച് യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥന്റെ രാജി.
ദില്ലി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി. 1988 ബാച്ച് യു പി കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുൻ ഉപരാഷ്ട്രതി ജഗദീപ് ധൻകർ അദ്ധ്യക്ഷനായുള്ള സമിതിയാണ് സെഗാളിനെ നിയമിച്ചത്.
യു പി അഡിഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനെ തുടർന്ന് 2024 മാർച്ച് 16ന് ആണ് നവനീത് കുമാർ സെഗാളിനെ പ്രസാർ ഭാരതി ചെയർമാൻ സ്ഥാനത്ത് നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. ഒന്നര വർഷം പൂർത്തിയായപ്പോൾ അദ്ദേഹം രാജി വെച്ചിരിക്കുകയാണ്. രാജി സ്വീകരിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നവനീത് കുമാർ സെഗാളിനെ അറിയിച്ചു.
യുപി സർവ്വീസിലിരിക്കെ മായാവതിയുടെ വിശ്വസ്തൻ
35 വർഷം നീണ്ട സിവിൽ സർവ്വീസിൽ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ നിർണായക സ്ഥാനങ്ങളിൽ നവനീത് കുമാർ സെഗാൾ പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ്, ധനകാര്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായാണ് അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു പി എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2023-ൽ ഉത്തർപ്രദേശിൽ കായിക യുവജന ക്ഷേമ ചീഫ് സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കിയ ശേഷമാണ് പ്രസാർ ഭാരതി ചെയർമാനായത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കമ്യൂണിക്കേഷന്‍റെ ചുമതലയുള്ള ഒ എസ് ഡി ഹിരെൻ ജോഷിയെ മാറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്.



