Asianet News MalayalamAsianet News Malayalam

വാക്‌സീന്‍ വിരുദ്ധ ട്വീറ്റുമായി പ്രശാന്ത് ഭൂഷന്‍; വിമര്‍ശനം കടുത്തതോടെ വിശദീകരണം

താന്‍ വ്യക്തിപരമായി വാക്‌സീന്‍ വിരുദ്ധനല്ലെന്നും എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുപ്പക്കാരിലും കൊവിഡ് മുക്തരിലും വാക്‌സിനേഷന്‍ നടപടികളെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ വാക്‌സീന്‍ വിരുദ്ധനാക്കി ചിത്രീകരിക്കുന്നതുകൊണ്ടാണ് വിശദീകരണം ട്വീറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Prashant Bhushan Clarify his Covid 19 Vaccine tweet
Author
New Delhi, First Published Jun 28, 2021, 5:42 PM IST

ദില്ലി: കൊവിഡ് വാക്‌സീന്‍ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. വാക്‌സിനെടുത്തതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുമായിട്ടായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.

വാക്‌സീന്റെ ദൂഷ്യഫലങ്ങള്‍ സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നും വിവരങ്ങള്‍ പോലും പുറത്തുവിടുന്നില്ലെന്നും പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ട്വിറ്ററില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. താന്‍ വ്യക്തിപരമായി വാക്‌സീന്‍ വിരുദ്ധനല്ലെന്നും എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുപ്പക്കാരിലും കൊവിഡ് മുക്തരിലും വാക്‌സിനേഷന്‍ നടപടികളെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ വാക്‌സീന്‍ വിരുദ്ധനാക്കി ചിത്രീകരിക്കുന്നതുകൊണ്ടാണ് വിശദീകരണം ട്വീറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവാന്മാരായ ചെറുപ്പക്കാര്‍ കൊവിഡ് 19 കാരണം മരിക്കാന്‍ സാധ്യത കുറവാണെന്നും എന്നാല്‍ വാക്‌സിനേഷന്‍ കാരണം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് മുക്തരില്‍ വാക്‌സിനെടുത്താല്‍ സ്വാഭാവിക പ്രതിരോധശേഷിയെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്നും താന്‍ കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. വാക്‌സീന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ വീഴരുതെന്നും എല്ലാവരും വാക്‌സീനെടുക്കണമെന്നും കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഓക്‌സിജന്‍ ദൗര്‍ലഭ്യമടക്കമുള്ള രൂക്ഷ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios