ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ആശ്രമത്തിലേക്ക്. താമസസ്ഥലം ഒഴിഞ്ഞതായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ നവനിർമ്മാൺ ആശ്രമമായിരിക്കും താമസസ്ഥലമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. 

പട്ന: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമ ജീവിതം നയിക്കാൻ തീരുമാനിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. പട്നയിലെ വസതി ഒഴിഞ്ഞ പ്രശാന്ത്, ആശ്രമത്തിലേക്ക് താമസം മാറും. ബിഹാറിലെ ദർബാംഗയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നും പ്രശാന്ത് കിഷോർ പ്രതീക്ഷ പങ്കുവെച്ചു. ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

"കഴിഞ്ഞ രാത്രി ഞാൻ പട്നയിലെ താമസസ്ഥലം ഒഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഐഐടി പട്നയ്ക്ക് അടുത്തുള്ള ബിഹാർ നവനിർമ്മാൺ ആശ്രമമായിരിക്കും എന്റെ താമസസ്ഥലം. ആ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു"- പ്രശാന്ത് കിഷോർ പറഞ്ഞു. പട്ന വിമാനത്താവളത്തിന് സമീപത്തുള്ള ഷെഖ്പുര ഹൗസ് കേന്ദ്രീകരിച്ചായിരുന്നു പ്രശാന്ത് കിഷോ‍ർ പ്രവർത്തിച്ചിരുന്നത്. ജൻ സുരാജ് ദേശീയ പ്രസിഡന്റ് ഉദയ് സിങ്ങിൻ്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസതിയാണിത്.

ബിഹാ‍ർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243ൽ 238 സീറ്റുകളിലും ജൻ സുരാജ് പാ‍ർട്ടി മത്സരിച്ചിരുന്നെങ്കിലും ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറിന് കനത്ത തിരിച്ചടിയായിരുന്നു. ജൻ സുരാജ് പാ‍ർട്ടിയുടെ ഭൂരിഭാ​ഗം സ്ഥാനാർഥികൾക്കും പോൾ ചെയ്ത സാധുവായ വോട്ടിൻ്റെ ആറിൽ ഒന്ന് വോട്ടുപോലും നേടാൻ കഴിയാതെ വന്നതോടെ കെട്ടിവെച്ച കാശും നഷ്ടമായി. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും താഴെയായിരുന്നു പാ‍ർട്ടി സ്ഥാനാർഥികളുടെ സ്ഥാനം. പ്രശാന്ത് കിഷോ‍ർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

നിതിഷ് കുമാറിനെ ഉന്നമിട്ടു പ്രശാന്ത് കിഷോ‍ർ

ബിഹാ‍റിലെ ആരോ​ഗ്യമന്ത്രിസ്ഥാനം മകന് നൽകിയ നിതിഷ് കുമാറിനെ ഉന്നമിട്ടു പ്രശാന്ത് കിഷോ‍ർ രം​ഗത്തെത്തി. ബിഹാറിൽ വർഷങ്ങളായി നിലനിൽക്കുന്ന കുടിയേറ്റ പ്രതിസന്ധി പരി​ഗണിക്കാതെ, സ്വന്തം കുടുംബാം​ഗങ്ങൾക്ക് രാഷ്ട്രീയ ഇടം സുരക്ഷിതമാക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്ന് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. ജാതിയുടെയും മതത്തിൻ്റെയും സാമ്പത്തിക നേട്ടത്തിൻ്റെയും അടിസ്ഥാനത്തിൽ വോട്ട് ചെയ്യാതെ സ്വന്തം ഭാവിക്ക് മുൻ​ഗണന നൽകി വോട്ട് ചെയ്യണമെന്നും പ്രശാന്ത് കിഷോർ വോട്ടർമാരോട് ആവശ്യപ്പെട്ടു. വോട്ട് ചെയ്യുമ്പോൾ സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും പ്രശാന്ത് കിഷോ‍ർ പറഞ്ഞു.