ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ രണ്ടാമത്തെ കോടതി അലക്ഷ്യ കേസിൽ കോടതിയെ സഹായിക്കാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാലിനെ അമിക്കസ്ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു. കേസ് ഒക്ടോബര് 12ലേക്ക് മാറ്റിവെച്ചു. സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലര്‍ അഴിമതിക്കാരാണെന്ന് 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. അതിനെതിരെയാണ്  ഭൂഷണിനെതിരെ കോടതി അലക്ഷ്യ കേസെടുത്തത്. 

നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി തന്നെയായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ച സാഹചര്യത്തിൽ ജസ്റ്റിസ് എംഎം കാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതിയിലേക്ക് കേസ് മാറ്റി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയെ ട്വീറ്ററിൽ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണിന് ,സുപ്രീംകോടതി ഒരു രൂപ പിഴശിക്ഷ വിധിച്ചിരുന്നു.