ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. മരണത്തിന് പിന്നാലെ, ഭാര്യ അപർണ യാദവിനെതിരെ അദ്ദേഹം പങ്കുവെച്ച പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി. ഭാര്യ സ്വാർത്ഥയാണെന്നും വിവാഹമോചനം നേടുമെന്നും പറയുന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അർധ സഹോദരനുമായ പ്രതീക് യാദവിന്റെ (36) അപ്രതീക്ഷിത മരണത്തിന് പിന്നാലെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. പ്രതീകിൻ്റെ മരണത്തിലേക്ക് നയിച്ചത് ഹൃദയാഘാതമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഭാര്യയും ബിജെപി നേതാവുമായ അപർണ യാദവിനെതിരെ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭാര്യയെ സ്വാർത്ഥയെന്ന് വിമർശിക്കുന്ന പോസ്റ്റിൽ വിവാഹമോചനത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

"ഈ സ്വാർത്ഥയായ സ്ത്രീയിൽ നിന്ന് ഞാൻ എത്രയും വേഗം വിവാഹമോചനം നേടാൻ പോവുകയാണ്. അവൾ എന്റെ കുടുംബബന്ധങ്ങൾ തകർത്തു. പ്രശസ്തിയും സ്വാധീനവും മാത്രമാണ് അവളുടെ ലക്ഷ്യം. ഇപ്പോൾ ഞാൻ വളരെ മോശം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, എന്നാൽ അവൾക്ക് അതിൽ ഒരു ആശങ്കയുമില്ല. കാരണം അവൾക്ക് അവളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. ഇത്രയും മോശമായ ഒരു ആത്മാവിനെ ഞാൻ കണ്ടിട്ടില്ല. ഇവളെ വിവാഹം കഴിക്കേണ്ടി വന്നത് എന്റെ നിർഭാഗ്യമാണ്" - എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലെ ഉള്ളടക്കം.
നിലവിൽ ഉത്തർപ്രദേശ് വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണാണ് അപർണ യാദവ്. 2011 ലാണ് ഇവർ ഇരുവരും വിവാഹിതരായത്. മുലായം സിങ് യാദവിൻ്റെ രണ്ടാമത്തെ ഭാര്യ സാധന ഗുപ്തയുടെ മകനായ പ്രതീക് യാദവ്, ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വന്നിരുന്നില്ല. പൊതുപ്രവർത്തനത്തിൽ വിട്ടുനിന്ന അദ്ദേഹം ഹെൽത്ത് ആൻ്റ് ഫിറ്റ്നെസ് ബിസിനസിൽ ശ്രദ്ധ പതിപ്പിച്ച് കുടുംബത്തോടൊപ്പമാണ് ജീവിച്ചിരുന്നത്. മക്കളെയും മൃഗങ്ങളെയും ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 38-ാം വയസിലാണ് അദ്ദേഹത്തിൻ്റെ മരണം. ഇന്ന് രാവിലെ 6.15 ഓടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.


