Asianet News MalayalamAsianet News Malayalam

ദില്ലിയിലെ വായു മലിനീകരണം മാറാന്‍ ഇന്ദ്രനെ പ്രീതിപ്പെടുത്തണം; യാഗം ചെയ്യണമെന്നും ബിജെപി മന്ത്രി

കര്‍ഷകര്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് സാധാരണ വിഷയമാണെന്നും അതിനാൽ കർഷകരെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Pray to Lord Indra to reduce pollution by bringing rainfall says UP minister Sunil Bharala
Author
Uttar Pradesh, First Published Nov 3, 2019, 11:19 PM IST

ദില്ലി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കുറയ്ക്കാൻ ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സുനില്‍ ഭരള. യാ​ഗം നടത്തി ഇന്ദ്രനെ പ്രീതിപ്പെടുത്തിയാൽ മഴ പെയ്യും, ഇതുവഴി വായുമലിനീകരണം കുറയ്ക്കാനാകുമെന്നും ഭരള പറഞ്ഞു. ഹിന്ദുമതപ്രകാരം ഇന്ദ്രനെ പ്രീതിപ്പെടുത്തിയാൽ മഴ പെയ്യുമെന്നാണ് വിശ്വാസം.

കർഷകർ വയ്ക്കോൽ‌ കത്തിക്കുന്നതാണ് മലിനീകരണത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കര്‍ഷകര്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് സാധാരണ വിഷയമാണെന്നും അതിനാൽ കർഷകരെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രനെ പ്രീതിപ്പെടുത്തുന്നതിലൂടെ മലിനീകരണത്തെ ചെറുക്കാൻ സാധിക്കും. പരമ്പരാ​ഗത രീതിയിൽ സർക്കാർ യാ​ഗം നടത്തണം. ഇതിലൂടെ ഇന്ദ്ര ദേവന്‍ എല്ലാം ശരിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിലും ഉത്തർപ്രദേശിന്റെ ചിലഭാ​ഗങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സുനിൽ ഭരളയുടെ പരാമർശം.

അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാകാത്തതോടെ നവംബർ ഒന്നിന് ദില്ലിയിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പല മേഖലകളിലും അന്തരീക്ഷ വായുനില 500 രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പ്രത്യേക പാനൽ പൊതുജനാരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ദില്ലി, ഗുഡ്‌ഗാവ്, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ മലിനീകരണ നിയന്ത്രണ അതോറിറ്റി നവംബർ അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ദില്ലിയിലെ സ്കൂളുകൾക്ക് നവംബർ അഞ്ചുവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios