പ്രസവവേദന അസഹനീയമാവുകയും പെട്ടെന്ന് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ, മുൻപ് പ്രസവമെടുത്ത പരിചയമുള്ള ഒരു ബന്ധു ഇടപെടുകയും ആശുപത്രി പാർക്കിംഗ് ഏരിയയിൽ വെച്ച് പ്രസവം നടത്താൻ സഹായിക്കുകയും ചെയ്യുകയായിരുന്നു

ഫരീദാബാദ്: പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിൽ വൈദ്യ സഹായം നൽകാൻ ഡോക്ടറുമില്ല. ആശുപത്രി പാർക്കിംഗിൽ ബന്ധുവിന്റെ സഹായത്തോടെ മൊബൈൽ വെളിച്ചത്തിൽ പ്രസവിക്കേണ്ട ഗതികേടിൽ യുവതി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഫരീദാബാദ് സെക്ടർ 3ലുള്ള ഫസ്റ്റ് റഫറൽ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം. മുപ്പത് ബെഡുകളുള്ള ആശുപത്രിയിൽ കിടത്തി ചികിത്സയും നൽകിയിരുന്നു. ബാഡോലി ഗ്രാമത്തിൽ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് പ്രസവവേദനയെ തുടർന്ന് ഇവിടെയെത്തിച്ചപ്പോൾ ഈ ദുരനുഭവം ഉണ്ടായത്. പുലർച്ചെ 1.40ഓടെയാണ് യുവതിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ആശുപത്രിയിൽ എത്തിയപ്പോൾ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അടിയന്തിര സഹായത്തിനായി ഡോക്ടർമാരോ മറ്റ് മെഡിക്കൽ ജീവനക്കാരോ അവിടെ ഉണ്ടായിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

ഗേറ്റിൽ പലതവണ മുട്ടുകയും സഹായത്തിനായി ഉറക്കെ വിളിക്കുകയും ചെയ്തിട്ടും ആരും പ്രതികരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്.യുവതിയുടെ അവസ്ഥ വഷളായതോടെ, കുടുംബാംഗങ്ങൾ പിന്നിലെ മറ്റൊരു ഗേറ്റിലൂടെ ആശുപത്രി വളപ്പിൽ പ്രവേശിച്ച് ഡോക്ടർമാരെയും നഴ്സുമാരെയും തിരഞ്ഞെങ്കിലും ആരും സമയത്തിന് എത്തിയില്ല. പ്രസവവേദന അസഹനീയമാവുകയും പെട്ടെന്ന് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ, മുൻപ് പ്രസവമെടുത്ത പരിചയമുള്ള ഒരു ബന്ധു ഇടപെടുകയും ആശുപത്രി പാർക്കിംഗ് ഏരിയയിൽ വെച്ച് പ്രസവം നടത്താൻ സഹായിക്കുകയും ചെയ്യുകയായിരുന്നു. മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചം ഉപയോഗിച്ചാണ് ഇവർ പ്രസവമെടുത്തത് എന്നാണ് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് അമ്മയെയും നവജാതശിശുവിനെയും ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയതായും ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര ഘട്ടത്തിൽ സ്റ്റാഫ് നഴ്സും മറ്റൊരു ആശുപത്രി ജീവനക്കാരനും സ്ഥലത്തില്ലാതിരുന്നതുൾപ്പെടെ, രാത്രികാല ഡ്യൂട്ടി ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ഈ വീഴ്ചയുടെയും അനാസ്ഥയുടെയും പേരിൽ രണ്ട് ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം