ഓസ്ട്രേലിയ:​ പൂർണ്ണഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സുഹൃത്തുക്കൾക്കൊപ്പം കഫേയിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന യുവതിയെ അതിശക്തമായി തുടർച്ചയായി ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് 43 കാരനായ പ്രതി ശിരോവസ്ത്രം ധരിച്ച യുവതിയെ ആക്രമിക്കുന്നത്. ഏകദേശം മുപ്പത്തിയൊന്ന് വയസ്സ് തോന്നിക്കുന്ന യുവതി 38 ആഴ്ച (ഒൻപത് മാസം) ​ഗർഭിണിയാണ്. ഇസ്ലാമോഫോബിക് ആക്രമണമന്നാണ് ഓസ്ട്രേലിയയിലെ ഇസ്ലാമിക് അസോസിയേഷന്റെ ആരോപണം. ബുധനാഴ്ചയാണ് സംഭവം.

ഇടി കൊണ്ട് താഴെ വീണ യുവതിയെ ഇയാൾ തൊഴിക്കുകയും ചവിട്ടുകയും ചെയ്യുന്നതായി കാണാം. ആളുകൾ ഓടിക്കൂടിയാണ് ഇയാളെ പിടിച്ചുമാറ്റുന്നത്. പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇസ്ലാം വിരോധത്തോടെ വംശീയമായി നടത്തിയ ആക്രമണമാണിതെന്ന് ഓസ്ട്രേലിയൻ ഫെഡറേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് റാത്തേബ് ജുനൈദ് പറഞ്ഞു.

ആക്രമണത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ലാം വിരുദ്ധ ആക്രമണങ്ങൾ ഓസ്ട്രേലിയയിൽ നിരന്തരം സംഭവിക്കാറുണ്ടെന്ന് ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റി ​ഗവേഷകർ വെളിപ്പെടുത്തുന്നു. ശിരോവസ്ത്രം ധരിച്ച് സഞ്ചരിക്കാൻ സ്ത്രീകൾ ഭയപ്പെടുന്ന അവസ്ഥയാണ് ഇവിടുള്ളത്. ശാരീരിക ആക്രമണത്തിന് ഇരയായ 113 സ്ത്രീകളിൽ 96 ശതമാനവും ശിരോവസ്ത്രം ധരിച്ചവരായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന കാര്യമാണ് സർവ്വകലാശാല പഠനത്തിൽ വെളിപ്പെടുത്തിയത്.