കാശി ഉൾപ്പെടുന്ന വാരാണസി മണ്ഡലത്തിലാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി മൂന്നാം തവണയും ജനവിധി തേടുന്നത്.

ദില്ലി: മൂന്നാം തവണയും കാശിയിലെ ജനങ്ങളെ സേവിക്കാൻ തയാറെടുക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. മണ്ഡലത്തിൽ 2014 മുതൽ മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും, ഇത് തുടരും എന്നും മോദി ട്വീറ്റ് ചെയ്തു. കാശി ഉൾപ്പെടുന്ന വാരാണസി മണ്ഡലത്തിലാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി മൂന്നാം തവണയും ജനവിധി തേടുന്നത്.

കേരളം അടക്കം പതിനാറ് സംസ്ഥാനങ്ങളിലെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയിൽ മൂന്നാമതും ജനവിധി തേടും. അമിത് ഷാ, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ഇന്നത്തെ പട്ടികയിലുണ്ട്. ദില്ലിയിൽ നാല് സിറ്റിംഗ് എംപിമാരെ മാറ്റിയ ബിജെപി സുഷമ സ്വരാജിൻറെ മകൾ ബാൻസുരി സ്വരാജിനെ മത്സര രംഗത്തിറക്കി. 

പകുതിയോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ആദ്യംതന്നെ പ്രഖ്യാപിച്ച് നേരത്തെ കളം പിടിക്കാനാണ് ബിജെപി നീക്കം. 34 മന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെട്ട പട്ടികയിൽ 28 പേർ സ്ത്രീകളാണ്. 57 പേർ പിന്നാക്ക വിഭാഗത്തിൽനിന്നാണ്. നാലിലൊന്ന് സീറ്റുകൾ യുവസ്ഥാനാർത്ഥികൾക്ക് നൽകി. നരേന്ദ്രമോദി രണ്ടിടത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വാരാണസിയിൽ മാത്രമേ മത്സരിക്കൂവെന്നാണ് നേതൃത്വം നൽകുന്ന സൂചന. 

അമിത്ഷാ ഗാന്ധിനഗറിലും രാജ്നാഥ് സിംഗ് ലക്നൗവിലും തന്നെ ജനവിധി തേടും. അമേഠിയിൽ സ്മൃതി ഇറാനിക്കും മഥുരയിൽ ഹേമ മാലിനിക്കും വീണ്ടും സീറ്റ് നൽകി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശിലെ വിദിഷയിൽ നിന്ന് മത്സരിക്കും. കർഷക സംഘടനകൾ എതിർത്തെങ്കിലും ഖേരിയിൽ അജയ്കുമാർ മിശ്രയെ മാറ്റാൻ ബിജെപി തയ്യാറായില്ല. വിവാദ പരാമർശങ്ങൾ നടത്തിയ പ്രഗ്യാ സിംഗ് ഠാക്കൂറിന് ഭോപ്പാലിൽ സീറ്റ് നൽകിയില്ല. ഝാർഖണ്ടിൽ യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. 

ഗുസ്തി താരങ്ങളുടെ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിൻറെ പേര് ആദ്യ പട്ടികയിൽ ഇല്ല. ദില്ലിയിൽ മാത്രമാണ് കാര്യമായ മാറ്റം ബിജെപി നടപ്പാക്കിയത്. കോൺഗ്രസും എഎപിയും ചേർന്നുള്ള സഖ്യം ഉയർത്തുന്ന കടമ്പ മറികടക്കാൻ ഹർഷവർദ്ധൻ, മീനാക്ഷി ലേഖി തുടങ്ങി നാല് സിറ്റിംഗ് എംപിമാരെ മാറ്റിയിരിക്കുകയാണ്. ന്യൂദില്ലി മണ്ഡലത്തിൽ സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിന് സീറ്റ് നൽകി. തെലങ്കാനയിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ രണ്ട് പേർ കഴിഞ്ഞ ദിവസം പാർട്ടിയിൽ എത്തിയവരാണ്. സഖ്യ സാധ്യത നോക്കിയ ശേഷമാകും തമിഴ്നാട്, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം. വൻ മാറ്റങ്ങളില്ലാത്ത ബിജെപി പട്ടിക തുടർച്ച എന്ന സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്